തൃപ്രയാർ: വലപ്പാട് കോതകുളം മിനി ഹാർബർ നിർമ്മാണത്തിന്റെ വിശദമായ ഡാറ്റാ കളക്ഷന് 27.50 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി സി.സി. മുകുന്ദൻ എം.എൽ.എ അറിയിച്ചു. 2022- 23 വാർഷിക ബഡ്ജറ്റിൽ നിർമ്മാണം ഇൻവെസ്റ്റിഗേഷൻ പ്രവൃത്തിക്കായി 65 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ആദ്യഘട്ടമായി വിശദമായ ഡാറ്റാ കളക്ഷന് വേണ്ടി 27.50 ലക്ഷം രൂപ ഹാർബർ എൻജിനിയറിംഗ് വകുപ്പാണ് അനുവദിച്ചത്. ഡാറ്റാ കളക്ഷൻ പൂർത്തിയാക്കുന്നതിന് ഏകദേശം ഒരു വർഷമെടുക്കും. ഫിഷിംഗ് ഹാർബർ നിർമ്മിക്കുന്നത് സംബന്ധിച്ച് ഫീസിബിലിറ്റി റിപ്പോർട്ട് പരിശോധിച്ച് തുക വകയിരുത്തുന്ന കാര്യം തീരുമാനിക്കുമെന്ന് സി.സി. മുകുന്ദൻ എം.എൽ.എയുടെ ചോദ്യത്തിന് മന്ത്രി വി. അബ്ദുറഹിമാൻ നിയമസഭയിൽ മറുപടി നൽകി.