1

വടക്കാഞ്ചേരി: കാലം തെറ്റി പെയ്ത കനത്ത മഴയിൽ നെൽക്കൃഷിയ്ക്ക് വ്യാപക നാശം. വടക്കാഞ്ചേരി മേലേതിൽ പാടശേഖരത്തിലാണ് നെൽച്ചെടികൾ വെള്ളത്തിനടിയിലായത്. മൂന്നര ഏക്കറോളം വരുന്ന വിളവെടുക്കാറായ നെൽച്ചെടികളാണ് വെള്ളക്കെട്ടിൽ ചീഞ്ഞ് തുടങ്ങിയത്. പാടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ നെൽച്ചെടിയുടെ തണ്ടുകൾ ഒടിഞ്ഞു വീണിരിക്കയാണ്. ഏറെ പ്രതീക്ഷയോടെയാണ് നെൽക്കർഷകർ ഇക്കുറി നെൽക്കൃഷി ഇറക്കിയത്. കാട്ടുപന്നികളുടെ ശല്യത്തിൽ നെൽക്കൃഷിക്ക് കേട് സംഭവിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് കനത്ത മഴയിൽ നെൽക്കൃഷി നശിച്ചത്.