പുത്തൻചിറ: കാട്ടുപന്നി ശല്യത്തിൽ വാഴ കർഷകന് ഭീമായ നഷ്ടം. പുത്തൻചിറ വെള്ളൂർ ചെമ്പനേഴത്ത് സുഭാഷിന്റെ വാഴത്തോട്ടത്തിലാണ് കാട്ടുപന്നികളുടെ ആക്രമണം നടന്നത്. ആഴ്ചയിൽ രണ്ട് ദിവസം കാട്ടുപന്നികളെത്തി വാഴകൾ കുത്തിമറിച്ച് പിണ്ടികൾ തിന്നുന്ന സ്ഥിതിയാണെന്ന് സുഭാഷ് പറഞ്ഞു. ഒരു സീസണിൽ 150 ഓളം വാഴകൾ ഇത്തരത്തിൽ നശിപ്പിക്കുന്നതായി കർഷകൻ പറഞ്ഞു.
ഇതുമൂലം കടുത്ത സാമ്പത്തിക നഷ്ടമാണ് കർഷകർ നേരിടുന്ന്. വട്ടിപ്പലിശയ്ക്ക് കടം വാങ്ങിയും സ്വർണം പണയം വച്ചും മറ്റ് സ്വകാര്യ പണമിടമാട് സ്ഥാപനങ്ങളിൽ നിന്ന് വായ്പ വാങ്ങിയുമാണ് പലരും കൃഷിയിറക്കിയത്. സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തുമാണ് പലരും കൃഷി ചെയ്യുന്നത്. കൃഷി നശിക്കുന്നതോടെ പലരും കടക്കെണിയിലാകും. കാട്ടുപന്നിയെ പേടിച്ച് വാഴക്കൃഷി ഒഴിവാക്കാനൊരുങ്ങുകയാണ് പ്രദേശത്തെ ഒരുവിഭാഗം കർഷകർ. വാഴയ്ക്ക് പുറമെ കൊള്ളി, നെല്ല് എന്നിവയും പന്നികൾ നശിപ്പിക്കുന്നതായി കൃഷിക്കാർ സാക്ഷ്യപ്പെടുത്തുന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും അവരും കൈമലർത്തുകയാണെന്ന് കർഷകർ ആരോപിച്ചു. സർക്കാരിൽ നിന്ന് അർഹമായ നഷ്ടപരിഹാരം വേണമെന്നാണ് കൃഷിക്കാരുടെ ആവശ്യം.