പാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്ത് കുണ്ടഴിയൂർ ഗവ. മാപ്പിള യു.പി സ്‌കൂളിലെ ബസ് ഓടിക്കാൻ കഴിയാതെ കട്ടപ്പുറത്ത് ആയിട്ട് രണ്ടു വർഷം. പൊതുവിദ്യാലയങ്ങളുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി മുരളി പെരുനെല്ലി എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് 2018ൽ 24 സീറ്റുള്ള സ്‌കൂൾ ബസ് വാങ്ങിയത്. കൊവിഡാനന്തരം രണ്ട് വർഷമായി കട്ടപ്പുറത്തായ സ്‌കൂൾ ബസ് സ്‌കൂളിന് ബാദ്ധ്യതയായിരിക്കുകയാണ്. സ്‌കൂൾ തുറന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ബസ് നിരത്തിലിറക്കാൻ കഴിഞ്ഞിട്ടില്ല. വർഷങ്ങളോളം ഉപയോഗിക്കാതെ കിടന്നതിനാൽ വൻ തുക മുടക്കി അറ്റകുറ്റപ്പണി നടത്തണം. മത്സ്യത്തൊഴിലാളികളുടെയും കൂലിപ്പണിക്കാരുടെയും മക്കൾ പഠിക്കുന്ന വിദ്യാലയത്തിലെ പി.ടി.എയ്ക്ക് ഇത്രയും തുക കണ്ടെത്താനുള്ള സാഹചര്യമില്ലാത്ത സ്ഥിതിയാണ്.
സ്വകാര്യ സ്‌കൂളുകളുമായുള്ള മത്സരത്തിൽ പൊതുവിദ്യാലയങ്ങളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും വിദ്യാർത്ഥികളുടെ മഴക്കാലത്തെയടക്കം യാത്രാക്ലേശം പരിഹരിക്കുന്നതിനുമായാണ് സ്ഥലം എം.എൽ.എ സ്‌കൂൾ ബസ് അനുവദിച്ചത്. ഡ്രൈവറുടെയും ആയയുടെയും ഡീസലും മറ്റ് ചെലവുകളുമടക്കം ബസ് നടത്തിപ്പിന് ഒരു മാസം 15, 000 രൂപയെങ്കിലും വേണം. പൂർവ വിദ്യാർത്ഥി സംഘടനയുടെയും സുമനസ്സുകളുടെയും മറ്റും പിന്തുണയാലാണ് ഇതുവരെ ഇത്തരം സൗകര്യങ്ങൾ ഏർപ്പെടുത്തിയത്.
നിലവിൽ പി.ടി.എയുടെ നേതൃത്വത്തിൽ പ്രതിമാസം 18,000 രൂപ മുടക്കി വാടക വണ്ടികളിലാണ് കുട്ടികളെ സ്‌കൂളിലേക്ക് എത്തിക്കുന്നത്. ബസ് നിരത്തിലിറക്കാൻ എന്ത് ചെയ്യണം എന്നറിയാതെ ആശങ്കയിലാണ് പി.ടി.എ കമ്മിറ്റിയും അദ്ധ്യാപകരും. വിഷയത്തിൽ അധികൃതരുടെ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യം രക്ഷിതാക്കൾക്കും സ്‌കൂൾ അധികൃതർക്കുമിടയിൽ ശക്തമാവുകയാണ്.
അറ്റകുറ്റപ്പണിക്ക് വൻതുക വേണം
മുടങ്ങിക്കിടക്കുന്ന ടാക്‌സ്, ഇൻഷ്വറൻസ് എന്നിവ അടയ്ക്കാനും ബാറ്ററി, 6 ടയർ എന്നിവ മാറ്റാനും സീറ്റ് റിപ്പയറിംഗിനും മറ്റ് അറ്റകുറ്റപ്പണികൾക്കായും വലിയ തുക വേണ്ടിവരും. 1,80,000 രൂപ വേണ്ടി വരുമെന്നാണ് കണക്ക് കൂട്ടൽ.
പഞ്ചായത്തുതലത്തിൽ സഹായിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പണം നൽകാൻ വകുപ്പ് ഇല്ലെന്നാണ് വെങ്കിടങ്ങ് പഞ്ചായത്ത് അധികൃതർ അറിയിച്ചത്. ബസ് അറ്റകുറ്റപ്പണികൾക്ക് 1,80,000 രൂപ വരുമെന്ന് വിദ്യാഭ്യാസ വകുപ്പ് മേലധികാരികളെ അറിയിച്ചെങ്കിലും ഒരു മറുപടിയും ഇതുവരെ ലഭ്യമായില്ല.
-പി.ടി.എ.