ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നാരായണീയ ദിനാഘോഷം ഇന്ന് നടക്കും. സമ്പൂർണ്ണ നാരായണീയ പാരായണം, നാരായണീയ സപ്താഹം, സാംസ്‌കാരിക സമ്മേളനം എന്നിവയോടെയാണ് ഇത്തവണ ദേവസ്വം നാരായണീയ ദിനാഘോഷം സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 5 മുതൽ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ സമ്പൂർണ നാരായണീയ പാരായണം നടക്കും. ഡോ. വി. അച്യുതൻകുട്ടിയാണ് ആചാര്യൻ. വൈകുന്നേരം 6ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനം കോഴിക്കോട് സർവകലാശാല റിട്ട. പ്രഫസറും അഡയാർ ലൈബ്രറി മുൻ ഡയറക്ടറുമായ ഡോ. കെ.എൻ. നീലകണ്ഠൻ ഇളയത് ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അദ്ധ്യക്ഷനാകും. നാരായണീയ ദശക പാഠം അക്ഷരശ്ലോക മത്സര വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. നാരായണീയ ദിനത്തോനുബന്ധിച്ച് ഡിസംബർ 7 മുതൽ നടന്നുവരുന്ന നാരായണീയ സപ്താഹം ഇന്നലെ സമാപിച്ചു.