ചാലക്കുടി: സർക്കാർ ഓഫീസിൽ നിന്നും കമ്പ്യൂട്ടറുകൾ ജപ്തി ചെയ്ത സംഭവവും പൊതുമരാമത്ത് വിഭാഗത്തിൽ വ്യാപക അഴിമതി നടക്കുന്നുവെന്ന് ഭരണപക്ഷാംഗം ചൂണ്ടിക്കാട്ടിയതും കൗൺസിൽ യോഗത്തിൽ നാടകീയ രംഗങ്ങൾക്കിടയാക്കി. ജപ്തിക്കിടയാക്കിയ ചെയർമാൻ ജനങ്ങളോടെ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ പ്രതിപക്ഷം വാക്കൗട്ടും നടത്തി. ഭരണപക്ഷാംഗം വത്സൻ ചമ്പക്കരയാണ് പൊതുമരാമത്തിൽ വ്യാപക അഴിമതിയാണെന്ന് ആരോപിച്ചത്. ഇതിനെ മുൻ ആരോഗ്യകാര്യ സമിതി അദ്ധ്യക്ഷൻ കെ.വി. പോൾ അനുകൂലിച്ചതും ശ്രദ്ധേയമായി.
ഭൂമി ഏറ്റെടുത്തതിന് സ്വകാര്യ വ്യക്തിക്ക് പണം നൽകാത്തതിന്റെ പേരിൽ മുകുന്ദപുരം താലൂക്ക് ഓഫീസിലെ കമ്പ്യൂട്ടറുകൾ ജപ്തി ചെയ്ത സംഭവം വി.ജെ. ജോജിയാണ് ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷും ഇത് ഉന്നയിച്ചു. ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ് കോടതി വിധി പ്രകാരമാണ് വീണ്ടും കൂടുതൽ തുകയും പലിശയും നൽകണമെന്ന നിലവന്നതെന്ന് അഡ്വ. ബിജു എസ്.ചിറയത്ത് ചൂണ്ടിക്കാട്ടി. കുറഞ്ഞ പലിശയിനത്തിൽ പുതിയ വായ്പ ലഭിക്കുന്നതോടെ നഗരസഭയ്ക്ക് പ്രതിമാസം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഇല്ലാതാകും. വൻ പ്രതിഷേധം അഴിച്ചുവിട്ട പ്രതിപക്ഷം തുടർന്ന് യോഗം ബഹിഷ്‌ക്കരിച്ചു.
തൊട്ടുപുറകെയാണ് പൊതുമരാമത്തിൽ വലിയ അഴിമതിയും അനാസ്ഥയുമാണെന്ന് ഭരണപക്ഷത്തെ തന്നെ വത്സൻ ചമ്പക്കര ആരോപിച്ചത്. മുൻ ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.വി. പോളും ഇതിനെ അനുകൂലിച്ചതോടെ ഭരണപക്ഷത്തെ ഭിന്നത പ്രകടമായി. മുൻ സ്ഥിരംസമിതി അദ്ധ്യക്ഷരായ സി. ശ്രീദേവി, എം.എം. അനിൽകുമാർ എന്നിവർ ഇതിനെ എതിർത്തു. ചെയർമാൻ എബി ജോർജ് അദ്ധ്യക്ഷനായി. വി.ഒ. പൈലപ്പൻ, സി.എസ്. സുനോജ്, ബിജി സദാനന്ദൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.