കൊടുങ്ങല്ലൂർ: സുനാമി അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഇൻകോയിസ്

(ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്) എന്നിവയുടെ സഹകരണത്തോടെ എറിയാട് പഞ്ചായത്ത് പുതിയ റോഡിൽ ദുരന്തപ്രതിരോധ പരിശീലന പരിപാടി സുനാമി റെഡി പ്രോഗ്രാം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു. സുനാമി അടിസ്ഥാനമാക്കി നടന്ന പരിശീലന പരിപാടിയും അറപ്പത്തോടിൽ സംഘടിപ്പിച്ച മോക്ക് ഡ്രില്ലും കളക്ടർ ഹരിത വി. കുമാർ സന്ദർശിച്ചു വിലയിരുത്തി.

ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.എസ്. പരീത് അദ്ധ്യക്ഷനായി. കോളേജ് വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കുമായി നടത്തിയ പരിശീലനത്തിൽ ദുരന്തസാഹചര്യങ്ങളെ ധൈര്യത്തോടെയും കൃത്യതയോടെയും നേരിടാനും ദുരന്തങ്ങളും ദുരന്തങ്ങളുണ്ടാകാനിടയുള്ള സാഹചര്യങ്ങളും മുൻകൂട്ടി തിരിച്ചറിയാനും പരിശീലനം നൽകി.

അടിയന്തരഘട്ടങ്ങളിലെ പ്രവർത്തനം സംബന്ധിച്ച് ക്ലാസ് നടത്തി. കെ.വൈ.എൽ.എ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ആൽഫ്രഡ് ജോണി, സ്‌നിജ ജോയ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) എം.സി. ജ്യോതി, കൊടുങ്ങല്ലൂർ തഹസിൽദാർ കെ. രേവ, അസിസ്റ്റന്റ് തഹസിൽദാർ പി.കെ. രമേശൻ, ജില്ലാ പഞ്ചായത്തംഗം സുഗത ശശിധരൻ, സ്‌കൂൾ പ്രധാനദ്ധ്യാപിക ലീല ആന്റണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ഇ.വി. രാധാകൃഷ്ണൻ, കടൽ സുരക്ഷാ സ്‌ക്വാഡ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.