seena-

തൃശൂർ: ഒന്നര വയസുമുതൽ ജീവിതം വീൽച്ചെയറിലൊതുങ്ങിയിട്ടും പരിമിതികൾക്ക് കീഴടങ്ങാതെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അദ്ധ്യാപികയുടെ പദവിയിൽ വരെ എത്തിയ സീന ടീച്ചർക്ക് കായികതാരങ്ങളുടെ പോരാട്ട വീര്യമാണ്. സ്കൂളിനെ കായികലോകത്തേക്ക് ഉയർത്തുകയാണ് ലക്ഷ്യം.

മസ്കുലാർ ഡിസ്ട്രോഫി രോഗം ബാധിച്ചതോടെ കാലിന്റെ ചലന ശേഷി കുറഞ്ഞതാണ് ജീവിതം ചക്രക്കസേരയിലാക്കിയത്. 1995ൽ അദ്ധ്യാപികയായി. ആറ് വർഷം മുമ്പാണ്

രാമവർമ്മപുരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രധാന അദ്ധ്യാപികയായത്. സ്‌കൂളിലെത്തുന്നതിന്റെ തലേദിവസം നിലത്തുവീണ് കാൽ മുട്ട് പൊട്ടി. ചക്രക്കസേരയിലിരിക്കാൻ ബുദ്ധിമുട്ടായതോടെ സ്വന്തം കാർ സ്‌കൂൾ മുറ്റത്ത് കൊണ്ടുനിറുത്തി അതിന്റെ ഡിക്കിയിലിരുന്നാണ് ഒന്നര മാസം ജോലി ചെയ്‌തത്.

ചിറ്റാട്ടുകര ആളൂർ ചാക്കുണ്ണി - ലില്ലി ദമ്പതികളുടെ മകളും കൊട്ടേക്കാട് തറയിൽ ജേക്കബിന്റെ ഭാര്യയുമാണ്. മകൻ സെബാസ്റ്റ്യൻ ബി.ടെക് വിദ്യാർത്ഥിയാണ്. ഈ വർഷത്തെ മികച്ച ഭിന്നശേഷി ഉദ്യോഗസ്ഥയ്ക്കുള്ള സർക്കാർ പുരസ്‌കാരവും, മികച്ച അദ്ധ്യാപികയ്ക്കുള്ള 2019 ലെ കർമ്മശ്രേഷ്ഠ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

 40 കോടിയുടെ കായികവിദ്യാലയം

ഹെഡ്മിസ്ട്രസായി ചുമതല ഏറ്റെടുത്തതിനു പിന്നാലെ പുറമ്പോക്ക് കൂട്ടിച്ചേർത്ത് സ്‌കൂളിന്റെ വിസ്തൃതി മൂന്ന് ഏക്കറിൽ നിന്ന് ആറേകാലാക്കി. മൂന്നേക്കറിൽ മൈതാനവുമൊരുക്കി. ഇവിടം കായിക സ്‌കൂളാക്കാൻ സായ് അധികൃതർ തീരുമാനിച്ചു. അന്നത്തെ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ മൂന്ന് കോടി പ്രഖ്യാപിച്ചതോടെ സായ് പിൻമാറി. വിദ്യാഭ്യാസ വകുപ്പ് തന്നെ കായിക സ്കൂളാക്കണമെന്ന ആവശ്യവുമായി സീന ടീച്ചർ 40 കോടി രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിച്ചു.

'വിരമിക്കാൻ രണ്ടരവർഷമേയുള്ളൂ. അതിനുമുമ്പ് കായികവിദ്യാലയം രാമവർമ്മപുരത്ത് ഉയരണമെന്നാണ് ആഗ്രഹം. നിരവധിയാളുകളുടെ പരിഹാസവും എതിർപ്പും മറികടന്നാണ് സ്‌കൂളിനായി ഇത്രയെങ്കിലും ചെയ്യാൻ സാധിച്ചത്".

- സീന