തൃശൂർ: കുടുംബശ്രീ സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ നിർവഹിച്ചു. പൂത്തോൾ, അരണാട്ടുകര റോഡിൽ 2017 മുതൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക് അയ്യന്തോൾ സിവിൽ ലൈൻ ലിങ്ക് റോഡിലുള്ള കെട്ടിടത്തിലേക്കാണ് മാറിയത്.
കുടുംബശ്രീ മിഷന്റെ കീഴിൽ സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക് 24 മണിക്കൂർ സേവനം കഴിഞ്ഞ 5 വർഷമായി ലഭ്യമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ പ്രതിരോധിക്കാനും ബോധവത്കരണം നടത്താനും അതിക്രമത്തിന് ഇരയായവർക്ക് സംരക്ഷണവും പുനരധിവാസവും നൽകാനും പ്രത്യേക പരിപാടികൾ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഹെൽപ്പ് ഡെസ്‌ക് രൂപീകരിച്ചത്.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2229 കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കുമായി 715 പേർക്ക് താത്കാലിക താമസസൗകര്യം നൽകി. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ നിർമ്മൽ എസ്.സി പങ്കെടുത്തു.