rrf

തൃശൂർ: ജില്ലാ പഞ്ചായത്തിന്റെ സഹകരത്തോടെ കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ സംസ്ഥാനത്തെ ആദ്യ ജില്ലാ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി (ആർ.ആർ.എഫ്) നിർമ്മാണം ഈ മാസത്തോടെ പൂർത്തീകരിക്കും. ഇതോടെ ജില്ലയിലെ മാലിന്യശേഖരണം, സംസ്‌കരണം, മാലിന്യം നീക്കൽ എന്നിവ വേഗത്തിലാകും. ഹരിതകർമ്മസേനാംഗങ്ങൾ പഞ്ചായത്തുകളുടെ സംഭരകേന്ദ്രത്തിൽ തരം തിരിക്കുന്നവ ആർ.ആർ.എഫിൽ എത്തിക്കും. ഉപയോഗശൂന്യമായത് നശിപ്പിക്കും.

നല്ലയിനം പ്‌ളാസ്റ്റിക്കുകൾ കത്തിച്ച് കഴിഞ്ഞാൽ വില കൂടും. ഇത് എംപാനൽ ചെയ്ത ഏജൻസികൾക്കാണ് നൽകുക. ഇത്തരം ഏജൻസികളാണ് ഉരുക്കിയ പ്‌ളാസ്റ്റിക് റീസൈക്കിൾ ചെയ്ത് ടാർപോളിൻ, ബക്കറ്റ് തുടങ്ങിയ ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. രണ്ടരകോടി രൂപ ചെലവിട്ട് വേളേക്കോടാണ് കേന്ദ്രം നിർമ്മിച്ചത്. മറ്റ് ജില്ലകളിൽ ആർ.ആർ.എഫിനായി തറക്കല്ല് സ്ഥാപിച്ചിട്ടുണ്ട്. ഡിസംബർ മാസത്തിൽ ഹസാർഡസ് മാലിന്യം ശേഖരിക്കാനായി ഹരിത കർമ്മസേനയ്ക്ക് തദ്ദേശതലത്തിൽ നിർദ്ദേശം നൽകിട്ടുണ്ട്.
സർക്കാർ സ്ഥാപനങ്ങളിലെ ഖരമാലിന്യ ശേഖരണത്തിന്റെ ഭാഗമായി റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി ക്ലീൻ കേരള കമ്പനി പറവട്ടാനി ഫോറസ്റ്റ് ഓഫീസിൽ മാലിന്യസംഭരണ കേന്ദ്രങ്ങൾ (എം.സി.എഫ്) സ്ഥാപിക്കുകയും പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു. തൃശൂർ സിവിൽ സ്റ്റേഷൻ, മെഡിക്കൽ കോളേജ്, രാമവർമപുരം പൊലീസ് അക്കാഡമി, കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി എന്നീ സ്ഥാപനങ്ങളിലെ എം.സി.എഫ് നിർമ്മാണം അവസാനഘട്ടത്തിലാണ്.

ആർ.ആർ.എഫ് നിർമ്മാണം ഈ മാസത്തോടെ പൂർത്തീകരിക്കുന്നതോടെ മാലിന്യശേഖരണവും സംസ്‌കരണവുമെല്ലാം വേഗത്തിലാകും.

- ജി.കെ സുരേഷ്‌കുമാർ, ക്ലീൻ കേരള മാനേജിംഗ് ഡയറക്ടർ

നേടിയത് 46ലക്ഷം, നീക്കിയത് 1914 ടൺ

അജൈവമാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലീൻ കേരള കമ്പനി ജനുവരി മുതൽ നവംബർ വരെ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് നീക്കം ചെയ്തത് 1914 ടൺ അജൈവമാലിന്യമാണ്. 568.266 ടൺ തരംതിരിച്ച പ്ലാസ്റ്റിക്, 89.935 ടൺ ചില്ല് മാലിന്യം, 21.40 ടൺ ഇവേസ്റ്റ്, 1234.467 ടൺ നിഷ്‌ക്രിയമാലിന്യം എന്നിവ ജില്ലയിലെ വിവിധ ഇടങ്ങളിൽനിന്ന് നീക്കം ചെയ്തു. അജൈവമാലിന്യം ക്ലീൻ കേരള കമ്പനിക്ക് നൽകിയതിലൂടെ ഹരിതകർമ്മ സേന 46,54,758 രൂപ നേട്ടമുണ്ടാക്കി. ഏറ്റവും കൂടുതൽ മാലിന്യങ്ങൾ തരംതിരിക്കൽ നടക്കുന്നത് തൃശൂർ കോർപറേഷനിലാണ്. തദ്ദേശസ്ഥാപനങ്ങളെ സെക്ടറുകളാക്കി തിരിച്ച് കൃത്യമായ ഷെഡ്യൂൾ പ്രകാരമാണ് ക്ലീൻ കേരള കമ്പനി അജൈവമാലിന്യശേഖരണം നടത്തുന്നത്.


ക്ലീൻ കേരള കമ്പനി