1

തൃശൂർ: അന്തരിച്ച കലാഗവേഷകൻ വിജയകുമാർ മേനോന് ആദരം അർപ്പിച്ച് ശാന്തപ്രിയ ആർട്ട് വിൻഡോയുടെ നേതൃത്വത്തിൽ 57 കലാകാരന്മാർ ചേർന്ന് 'ശിഖരം' എന്ന പേരിൽ ചിത്രശിൽപ പ്രദർശനം നടത്തും. ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ നാളെ 11ന് പ്രദർശനം ആരംഭിക്കും. വൈകിട്ട് 4.30ന് സാഹിത്യ അക്കാഡമി സെക്രട്ടറി സി.പി. അബൂബക്കർ ഉദ്ഘാടനം ചെയ്യും. വിജയകുമാർ മേനോൻ മരണത്തിനു മുൻപ് തയാറാക്കിയ 'കല ഭാഷയും തത്വവും' പുസ്തകം ലളിതകലാ അക്കാഡമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ പ്രകാശനം ചെയ്യും. ചിത്രകാരൻ ടി. കലാധരൻ ഏറ്റുവാങ്ങും. ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പൽ കെ.യു. കൃഷ്ണകുമാർ പുസ്തകം പരിചയപ്പെടുത്തും. പ്രദർശനം 20നു സമാപിക്കും. 57 കലാകാരന്മാരുടെ ഓരോ സൃഷ്ടികൾ വീതം പ്രദർശനത്തിലുണ്ടാകുമെന്ന് കലാപ്രവർത്തകരായ എൻ.ബി. ലതാദേവി, കെ.യു. കൃഷ്ണകുമാർ, പ്രേംകുമാർ പള്ളിത്തൊടി, സി.ജെ. നിർമൽ എന്നിവർ പറഞ്ഞു.