kisan-sabha

തൃശൂർ: കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമനിർമ്മാണം നടത്തണമെന്ന് അഖിലേന്ത്യാ കിസാൻസഭ ദേശീയസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഡൽഹിയിലെ കർഷകസമരത്തെ തുടർന്ന് നടത്തിയ ചർച്ചയിൽ ഇക്കാര്യം സർക്കാർ ഉറപ്പ് നൽകിയിരുന്നു. ഒരു വർഷമാകുമ്പോഴും നടപ്പാക്കാത്തത് കർഷക സമൂഹത്തോട് കാണിച്ച വഞ്ചനയാണെന്നും സമ്മേളനം വിലയിരുത്തി.

വിളകൾക്ക് ന്യായവിലയും സ്ഥിരവിലയും ലഭിക്കാത്തത് കർഷകരുടെ ഭാവി അനിശ്ചിതത്വത്തിലാക്കുകയാണെന്നും നാലുദിവസത്തെ സമ്മേളനത്തിൽ ആദ്യം അവതരിപ്പിച്ച് പാസാക്കിയ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

2012-13 കാലത്തെ സർവേ പ്രകാരം നെൽക്കർഷകരിൽ 13.5 ശതമാനത്തിനും ഗോതമ്പ് കർഷകരിൽ 16.2 ശതമാനത്തിനും മാത്രമാണ് സംഭരണ ഏജൻസികൾക്ക് ഉത്പന്നം നൽകാൻ സാധിച്ചത്. ഭൂരിഭാഗം കർഷകർക്കും ഉത്പന്നം താങ്ങുവിലയേക്കാൾ വില കുറച്ച് നൽകേണ്ടിവന്നത് ആവശ്യത്തിനുള്ള പൊതുസംഭരണ പദ്ധതികൾ ഇല്ലാത്തതിനാലായിരുന്നു. എല്ലാ വിളകളുടെയും അവസ്ഥ ഇതുതന്നെ.

സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് ശുപാർശ പിന്തുടരുകയും ഉത്പാദനച്ചെലവിന്റെ 50 ശതമാനം ഉയർത്തി താങ്ങുവില നടപ്പാക്കുകയും ചെയ്യണം. കാർഷിക സഹകരണ സംഘങ്ങൾക്ക് പിന്തുണ നൽകി ശേഖരണ- സംഭരണ സംവിധാനവും മൂല്യവർദ്ധിത ഇനങ്ങൾ നിർമ്മിക്കുന്ന സംവിധാനവും ഉണ്ടാക്കണമെന്നും അഖിലേന്ത്യാ കിസാൻ സഭ ദേശീയ ജനറൽ സെക്രട്ടറി ഹനൻമൊള്ള പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.