കുന്നംകുളം: നഗരത്തിലെ ഗതാഗത പരിഷ്‌കാരം വഴി കച്ചവടക്കാർ സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്നുവെന്ന് ചേംമ്പർ ഒഫ് കോമേഴ്‌സ് ഭാരവാഹികൾ. ഡിസംബർ 16ന് കടകളടച്ചിട്ട് വ്യാപാരികൾ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും. പുതിയ ബസ് സ്റ്റാൻഡ് വന്നതോടെയുണ്ടായ ഗതാഗത പരിഷ്‌കാരം വഴി കച്ചവടക്കാർ വലിയ സാമ്പത്തിക മാന്ദ്യമാണ് അനുഭവിക്കുന്നതെന്ന് വ്യാപാരി നേതാക്കൾ പറഞ്ഞു. ഇത് സംബന്ധിച്ച് നിരവധി പരാതികൾ നഗരസഭാ അധികൃതർക്ക് നൽകിയെങ്കിലും യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് കുറ്റപ്പെടുത്തി. ഇതിൽ പ്രതിഷേധിച്ച് ഡിസംബർ 16ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ കുന്നംകുളത്ത് മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ച് മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.
നഗരസഭാ കെട്ടിടത്തിലെ ടോയ്‌ലറ്റുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, തുറക്കുളം മാർക്കറ്റ് നിർമ്മാണം പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും വ്യാപാരികൾ ഉന്നയിച്ചു. അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല തിരുമാനമുണ്ടായില്ലങ്കിൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് അനിശ്ചിതകാല സമരം നടത്തുമെന്നും ചേംബർ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. കുന്നംകുളം ചേംമ്പർ ഒഫ് കോമേഴ്‌സ് പ്രസിഡന്റ് കെ.പി. സാക്‌സൺ, സെക്രട്ടറി കെ.എം. അബൂബക്കർ, ഭാരവാഹികളായ എം.കെ. പോൾസൺ, ജിനേഷ് തെക്കേക്കര, രാജു ചുങ്കത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.