
തൃശൂർ: ആനകളെ വരുതിയിലാക്കി സംഘർഷം ഒഴിവാക്കുന്ന പരിശീലനത്തിനായി ബംഗളൂരു ട്രാൻസ്ഡിസിപ്ളിനറി യൂണിവേഴ്സിറ്റി അമേരിക്കയിലെ ഇന്റർനാഷണൽ എലിഫന്റ് ഫൗണ്ടേഷനുമായി ചേർന്ന് പദ്ധതിയൊരുക്കുന്നു. പാപ്പാന്മാർ, ഉടമകൾ, ജനങ്ങൾ എന്നിവർക്കായി കേരളത്തിൽ നടപ്പാക്കുന്ന പദ്ധതി പിന്നീട് രാജ്യത്തുടനീളം വ്യാപിപ്പിക്കും.
ആനകളുടെ രോഗം, ഭക്ഷണക്രമം, സ്വഭാവം എന്നിവ മനസിലാക്കുന്ന നൈപുണ്യപരിശീലനമാണ് പാപ്പാന്മാർക്ക് നൽകുക. ഇതിനായി അതത് സ്ഥലങ്ങളിൽ വിദഗ്‌ദ്ധരെത്തി ആനകളുടെ സാന്നിദ്ധ്യത്തിൽ പ്രാക്ടിക്കൽ, തിയറി ക്ളാസുകൾ നൽകും. ഓരോ സംസ്ഥാനത്ത് നിന്നും പരിശീലനത്തിനായി 100 പാപ്പാന്മാരെ തിരഞ്ഞെടുക്കും.
പദ്ധതിയുടെ പ്രാരംഭപഠനം തൃശൂരിൽ ഉടൻ ആരംഭിക്കും. തുടർന്ന് കേരളത്തിലുടനീളം നടപ്പാക്കും. എട്ടര ലക്ഷം രൂപയാണ് പ്രാഥമിക ചെലവ്. ട്രാൻസ്ഡിസിപ്ളിനറി യൂണിവേഴ്സിറ്റിയും ഇന്റർനാഷണൽ എലിഫന്റ് ഫൗണ്ടേഷനും സംയുക്തമായാണ് പദ്ധതി ചെലവ് വഹിക്കുന്നത്. നാട്ടാനകൾ കൂടുതലുള്ള ഇടങ്ങളിലും, കാട്ടാനയുടെ ആക്രമണമുള്ള സ്ഥലങ്ങളിലുമാകും പരിശീലനം. എന്നാൽ പരിശീലന രീതി, കാലയളവ് എന്നിവ സംബന്ധിച്ചുള്ള പഠനം തുടരുകയാണ്.
പ്രൊഫ. ഡോ. ടി.പി. സേതുമാധവനാണ് പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ. ആനചികിത്സാവിദഗ്ദ്ധനായ ഡോ. പി.ബി. ഗിരിദാസാണ് കോ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ.
കാട്ടാനയിറങ്ങിയാൽ സെൻസർ മുന്നറിയിപ്പ്
കാട്ടാന കാടിറങ്ങുമ്പോൾ സെൻസറിലൂടെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനാകുന്ന സംവിധാനം കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ സഹായത്തോടെ നടപ്പാക്കും. ഇതിനുള്ള പരിശീലനവും നൽകും. ആനകളുടെ രോഗം, ഭക്ഷണക്രമം, സ്വഭാവസവിശേഷത തുടങ്ങിയവയിലും പാപ്പാന്മാർക്ക് പരിശീലനം നൽകും.
രാജ്യത്ത് 30,000 ആനകൾ
കാട്ടാന ഇന്ത്യയിൽ- 30,000 (കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ സെൻസസ് )
നാട്ടാന- 2,000 ലേറെ
നാട്ടാനകൾ കേരളത്തിൽ- 445
പ്രതിവർഷം ചരിയുന്ന നാട്ടാന- 20-30
കണ്ണൂർ ആറളം ഫാമിൽ ഒരു വർഷത്തിനിടെ കാട്ടാന കൊന്നത്- 10 പേരെ
'വന്യമൃഗങ്ങളുമായുള്ള മനുഷ്യ സഹവാസത്തിന് പദ്ധതി സഹായകരമാകും. പ്രായോഗിക പരിശീലനമടക്കം അതത് സ്ഥലങ്ങളിൽ ചെന്നാണ് നടത്തുക. ജനങ്ങൾക്കും അത് ഗുണമാകും.
- ഡോ. ടി.പി. സേതുമാധവൻ
പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ
ബംഗളൂരു ട്രാൻസ്ഡിസിപ്ലിനറി യൂണിവേഴ്‌സിറ്റി ഒഫ് ഹെൽത്ത് സയൻസ് ആൻഡ് ടെക്‌നോളജി പ്രൊഫസർ