ചാലക്കുടി: ഇൻഡോർ സ്റ്റേഡിയം നിറഞ്ഞു നിന്ന ആരാധകർ പുലർക്കാലത്തെ ഉറക്കച്ചടവൊന്നും അറിഞ്ഞില്ല. അർജന്റീന എതിരാളികളുടെ വല കുലുക്കുമ്പോൾ എല്ലാം മറന്ന് അവർ ആനന്ദ നൃത്തം ചെയ്യുകയായിരുന്നു. സ്റ്റേഡിയത്തിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു ഏറ്റവും കൂടുതൽ കാണികളെത്തിയത്. ഇതിൽ ദൂരിപക്ഷവും മെസിയുടെ ഇഷ്ടക്കാരും. അർജന്റീനയുടെ തോൽവി സ്വപ്നം കണ്ട് ബ്രസീൽ ആരാധകർക്കും കുറവില്ലായിരുന്നു. പക്ഷേ, ഇവർക്കെല്ലാം നിരാശപ്പെടേണ്ടി വന്നു. മെസിയുടെ പെനാൽറ്റിയിലൂടെ അർജന്റന മുന്നിലെത്തിയതു മുതൽ സ്റ്റേഡിയത്തിൽ ആഹ്‌ളാദ തിരമാലകളടിച്ചു. തുടർന്നുള്ള അർജന്റീനക്കാരുടെ ഓരോ മുന്നേറ്റത്തിനും ചാലക്കുടി നഗരസഭ ഒരുക്കിയ സ്‌ക്രീനിന് മുന്നിൽ ആരവമുയർന്നു. മുൻ ചെയർമാൻ വി.ഒ. പൈലപ്പനും അർജന്റീനയ്ക്കായി മുൻനിരയിലിരുന്നു. ഒടുവിൽ മൂന്നാമത്തെ ഗോളും പിറന്നതോടെ ആരാധക വൃന്ദം നിരത്തിലിറങ്ങി. സ്‌റ്റേഡിയത്തിന് മുന്നിലും ഇവർ ആഹ്ലാദാരവം മുഴക്കി.