പാവറട്ടി: ചരിത്രം കഥ പറയുന്ന അന്നകര പറപ്പൂർ കടാംതോട് പുതിയ പാലം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. 2017-2018 ലെ സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിൽ 8 കോടി രൂപ പുതിയ പാലം നിർമ്മാണത്തിനായി വകയിരുത്തിയെങ്കിലും നാലു വർഷം കഴിഞ്ഞിട്ടും നിർമ്മാണം തുടങ്ങിയില്ല. ഏകദേശം 90 വർഷത്തിലധികം പഴക്കം വരുന്ന കടാംതോട് പാലം പഴയ മലബാർ- കൊച്ചി ദേശങ്ങളുടെ അതിർത്തിയായിരുന്നു. പണ്ട് കാലങ്ങളിൽ ചുങ്കം കൊടുത്താണ് അതിർത്തി കടന്നിരുന്നതെന്ന് പഴമക്കാർ പറയുന്നു. പാവറട്ടി- അമല നഗർ റോഡിൽ പാലത്തിന്റെ തുടക്കമായ അന്നകര ചാവക്കാട് താലൂക്കിലാണ്. പാലത്തിന്റെ മറുകര തൃശൂർ താലൂക്കിലെ തോളൂർ പഞ്ചായത്തിലാണ്. 2 കിലോമീറ്റർ ദൂരപരിധിയുള്ള പെരുവല്ലൂർ പരപ്പുഴ പാലം നിർമ്മാണത്തിലെ അശാസ്ത്രീയമായ സമാന്തര റോഡ് നിർമ്മാണം വിവാദമായിരുന്നു. അത് കടാംതോട് പാലത്തിന്റെ നിർമ്മാണത്തിലും ആവർത്തിക്കരുതെന്നാണ് നാട്ടുകാർ പറയുന്നത്. ദിനംപ്രതി നിരവധി വാഹനങ്ങൾ പോകുന്ന കടാംതോട് പാലം നിർമ്മാണം അതുകൊണ്ടുതന്നെ ഏറെ പ്രയാസകരമാണ്. നിലവിലുള്ള പഴയപാലം നിലനിറുത്തി അതിന്റെ തെക്ക് വശത്തായാണ് പുതിയ പാലം നിർമ്മിക്കുന്നതെന്ന് പറയുന്നുണ്ട്. അതിനായി സ്ഥലവാസികളിൽ നിന്നും സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. കടാംതോട് പുഴയിൽ ജല അതോറിറ്റിയുടെ തോളൂർ ശുദ്ധജല പദ്ധതിയുടെ ജലസംഭരണി കാൽ നൂറ്റാണ്ടായി പ്രവർത്തിച്ചു വരുന്നുണ്ട്. പെരുവല്ലൂർ പരപ്പുഴ പാലം പുനർനിർമ്മിക്കാൻ തീരുമാനിക്കുന്നതിന് ഒരു വർഷം മുമ്പ് പൊതുമരാമത്ത് തീരുമാനിച്ചതാണ് അന്നകര കടാംതോട് പാടം പുനർനിർമ്മാണക്കാര്യം. പരപ്പുഴ പാലം പുനർനിർമ്മാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും കടംതോട് പാലത്തിന്റെ കാര്യത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ മെല്ലേപ്പോക്കിൽ പ്രതിഷേധം ഉയരുന്നുണ്ട്.

പഴയ പാലം അഞ്ച് കരിങ്കൽ സ്പാനുകളിൽ
ഏകദേശം 80 അടിയോളം നീളവും 20 അടിയോളം വീതിയും വരുന്ന പഴയ പാലം അഞ്ച് കരിങ്കൽ നിർമ്മിതമായ സ്പാനുകളിലാണ് നിർമ്മിച്ചിരിക്കുന്നത്. അതിൽ പലതിന്റെയും കരിങ്കൽ കട്ടകൾ അടർന്നാണ് നിൽക്കുന്നത്. കൈവരികൾ പുല്ല് വളർന്ന് നാശോന്മുഖമായി.