പാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്തിലെ ഇരിമ്പ്രനെല്ലൂർ, വെങ്കിടങ്ങ് വില്ലേജുകളിൽപെട്ട പുഴയോരങ്ങൾ നികത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. മുരളി പെരുനെല്ലി നൽകിയ സബ്മിഷന് നൽകിയ മറുപടിയിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അനധികൃതമായി നികത്തിയ പുഴ സ്ഥലങ്ങൾ വില്ലേജ് രേഖകൾ പ്രകാരം സ്ഥിര പുഞ്ച തരത്തിലുള്ളവയാണ്. ഈ ഭൂമി പൂർവ സ്ഥിതിയിലാക്കുന്നതിന്റെ ഭാഗമായി ഇവയിൽ വെങ്കിടങ്ങ് വില്ലേജിൽപ്പെടുന്ന സ്ഥലം തണ്ണീർത്തടമായി പ്രഖ്യാപിച്ചിട്ടുള്ളവയും ഭൂമി നികത്തുന്നതിനെതിരെ നടപടി എടുത്തു വരുന്നതുമാണ്. ഇരിമ്പ്രനെല്ലൂർ വില്ലേജിലെയും പുഴ സ്ഥലങ്ങൾ തണ്ണീർത്തടത്തിൽ ഉൾപ്പെടുത്തി ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബാക്കി പുഴ സ്ഥലങ്ങൾ ഭൂമിയുടെ സർവേ നമ്പർ നിജപ്പെടുത്തിയാൽ മാത്രമേ സാങ്കേതികമായി ഇവയും തണ്ണീർത്തടത്തിൽ ഉൾപ്പെടുത്തി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കാനാകുകയുള്ളൂ. അതിനുള്ള നടപടിയും കൈക്കൊണ്ടിട്ടുണ്ട്. അനധികൃതമായി പുഴ നികത്തിയ വ്യക്തികൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. രാത്രികാലങ്ങളിലാണ് അനധികൃതമായി പുഴ നികത്തുന്നതെന്നും പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കാൻ പാവറട്ടി സി.ഐക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വിശദമാക്കി.