ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ മേൽപ്പാലം മെയ് മാസത്തിൽ തുറന്നുകൊടുക്കാനാകുമെന്ന് എൻ.കെ. അക്ബർ എം.എൽ.എ പറയുമ്പോഴും പാളത്തിന് മുകളിലെ തൂൺ നിർമ്മാണത്തിന് ഇനിയും മൂന്ന് മാസം കൂടി വേണമെന്ന് കരാറുകാരൻ. ഇന്നലെ നടന്ന അവലോകന യോഗത്തിലാണ് യോഗാദ്ധ്യക്ഷനായ എൻ.കെ. അക്ബർ എം.എൽ.എ പാലം മെയ് മാസത്തിൽ തുറന്നുകൊടുക്കാനുമെന്ന് പ്രഖ്യാപിച്ചത്. പാളത്തിന് മുകളിൽ വരുന്ന ഭാഗത്തിന്റെ പൈലിംഗിനും തൂൺ നിർമാണത്തിനുമായി 105 ദിവസമാണ് കരാറുകാർ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. പൈലിംഗ് കഴിഞ്ഞെങ്കിലും തൂൺ നിർമാണത്തിന് ഇനിയും മൂന്ന് മാസം കൂടി വേണമെന്നാണ് കരാറുകാർ ഇന്നലെ യോഗത്തിൽ പറഞ്ഞത്. നേരത്തെ നിശ്ചയിച്ചിരുന്ന താങ്ങുമതിലിന് പകരം ആർ.എസ്. വാൾ നിർമിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ സാങ്കേതിക അനുമതി ഇതുവരെയായിട്ടില്ല. ഇതിനെച്ചൊല്ലി കരാറുകാരും റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ അധികൃതരും റെയിൽ ഇന്ത്യ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് (റൈറ്റ്‌സ്) അധികൃതരും തമ്മിൽ വാദപ്രതിവാദങ്ങൾ നടന്നു. രണ്ട് ദിവസത്തിനകം സാങ്കേതിക അനുമതി ലഭ്യമാക്കി ആർ.എസ്. വാൾ നിർമിക്കാൻ ധാരണയായി. നേരത്തെ ഡിസംബർ 15ന് പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്ന പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡ് ഇപ്പോൾ ആർ.എസ്. വാൾ നിർമാണത്തിനൊപ്പം നടത്തുമെന്നാണ് പറയുന്നത്. പാളത്തിന് മുകളിലുള്ള ഭാഗത്തിന്റെ ഗർഡറുകളുടെ നിർമാണം തുടങ്ങാൻ അനുമതിയായിട്ടുണ്ട്. ഗർഡറുകൾ പണി പൂർത്തിയാക്കി പാലത്തിൽ സ്ഥാപിക്കുന്നതിന് മുമ്പായി ഇനിയും അനുമതികൾ ലഭിക്കാനുണ്ട്. അനുമതികളെല്ലാം മുറയ്ക്ക് ലഭിച്ചാൽ ഗർഡറുകൾ നിർമിച്ച് പാലത്തിൽ സ്ഥാപിക്കാനും അനുബന്ധ ജോലികൾ പൂർത്തിയാക്കാനും അഞ്ച് മാസം വേണം. തൂണിന്റെ നിർമാണം നടക്കുന്ന സമയത്തും വർക് ഷോപ്പിൽ ഗർഡറുകളുടെ നിർമാണം പുരോമിക്കും. പാളത്തിന് മുകളിലെ ഗർഡർ സ്ഥാപിച്ച ശേഷം വേണം ഇപ്പോൾ പൂർത്തിയായിട്ടുള്ള പാലവുമായി ബന്ധിക്കുന്ന രണ്ട് സ്പാനുകളുടെ ജോലി തുടങ്ങാൻ. ഇതൊക്കെ കഴിഞ്ഞ് വരുമ്പോഴേക്കും എം.എൽ.എ പറഞ്ഞ മെയ് മാസം പിന്നിടാനാണ് സാദ്ധ്യത. യോഗത്തിൽ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എ.എസ്. മനോജ്, മുനിസിപ്പൽ എൻജിനിയർ ഇ. ലീല എന്നിവർ സംസാരിച്ചു.
നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കൺസ്ട്രക്്ഷൻ വിഭാഗം കലണ്ടർ തയ്യാറാക്കി പ്രവർത്തിക്കണം. ഏത് തടസമുണ്ടായാലും അത് നീക്കാൻ സംസ്ഥാന സർക്കാരിന്റെ സഹായം ലഭ്യമാക്കും.
-എൻ.കെ. അക്ബർ എം.എൽ.എ.