ചാലക്കുടി: ഇൻഡോർ സ്റ്റേഡിയത്തിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കോടതി വിധിയും തുടർന്നുള്ള ജപ്തി നടപടികളിലും നഗരസഭാ കൗൺസിലിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന് ചെയർമാൻ എബി ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ആവശ്യത്തിന് വായ്പയെടുക്കുന്നതിനു സർക്കാർ അനുമതി ലഭിച്ചത് ഡിസംബർ 10 നാണ്. അന്നുതന്നെ ഇക്കാര്യം നഗരസഭ അഭിഭാഷകനെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച കേസ് ഡിസംബർ 14 നാണ് വച്ചിരുന്നത്. മുൻ മാസത്തിലെ വിധിയുടെ അടിസ്ഥാനത്തിലാണ് ജപ്തി നടപടി ആരംഭിച്ചത്. വായ്പ എടുക്കുന്നതിന് സർക്കാർ അനുമതി ലഭിച്ച വിവരം ബുധനാഴ്ച അറിയിച്ചതിനെ തുടർന്ന് ജപ്തി നടപടികൾ തത്കാലം നിറുത്തിവയ്ക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രതിപക്ഷ കൗൺസിലർ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും ചെയർമാൻ കുറ്റപ്പെടുത്തി.
നഗരസഭയുടെ സുവർണ ഗൃഹം പദ്ധതി നടപ്പിലാക്കാൻ വഴിയൊരുങ്ങി. ലയൺസ് ക്ലബ്, മണപ്പുറം ഫിനാൻസ് എന്നിവർ ഹോം ഫോർ ഹോം ലെസ് പദ്ധതിയുമായി നഗരസഭയോട് സഹകരിക്കാൻ തയ്യാറായിട്ടുണ്ട്. ആദ്യഘട്ടം പത്ത് വീടുകൾ നിർമ്മിക്കും. വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബു, വി.ഒ. പൈലപ്പൻ, ഷിബു വാലപ്പൻ, ജോർജ് തോമസ്, ജിജി ജോൺസൺ, ദിപു ദിനേശ്, സൂസമ്മ ആന്റണി, അഡ്വ. ബിജു ചിറയത്ത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.