ഇരിങ്ങാലക്കുട: ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി. ഠാണാവിൽ കൊടുങ്ങല്ലൂർ ബസ് സ്റ്റോപ്പിന് സമീപം പ്രവർത്തിക്കുന്ന കീർത്തി ഹോട്ടലിൽ നിന്നാണ് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടിയത്. ഹോട്ടൽ അടയ്ക്കാൻ നോട്ടീസ് നൽകി. മുമ്പും ഇതേ ഹോട്ടലിൽ നിന്നും ഇത്തരത്തിൽ പഴകിയ ഭക്ഷണം പിടികൂടുകയും പിഴ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. പഴകിയ ബിരിയാണി, പഴകിയ പൊറോട്ട, ദോശമാവ്, മസാലക്കൂട്ട്, ചിക്കൻ കറി എന്നിവയാണ് നഗരസഭ ആരോഗ്യവിഭാഗം സൂപ്പർവൈസർ അനിൽ കെ.ജി, ഇൻസ്പെക്ടർ അനൂപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ഹോട്ടലുടമ ആദ്യം അടക്കളയിലേയ്ക്ക് കടക്കാൻ അനുവദിക്കാതെ വാതിൽ അടച്ചതായും പിന്നീട് വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് പഴകിയ ഭക്ഷണം കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഏഴ് ദിവസത്തേയ്ക്കാണ് ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

പലതവണ നടപടി, എന്നിട്ടും..

നഗരസഭാ മേഖലയിലെ ചില ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തുന്നത് പതിവായിട്ടും നടപടി കർശനമാകാകുന്നില്ലെന്ന് ആക്ഷേപം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ഹോട്ടലുകളിലടക്കം ആരോഗ്യവിഭാഗം നടത്തിയ പരിശോധനകളിൽ പഴകിയ ഭക്ഷണം പിടികൂടിയിട്ടും സംഭവം ആവർത്തിക്കുന്ന സ്ഥിതിയാണ്. അമിത പിഴ ഈടാക്കത്തതും നിശ്ചിത കാലത്തേക്ക് ഹോട്ടലുകൾ അടച്ചിടാൻ നിർദ്ദേശം നൽകാത്തതുമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് പൊതുവിലുള്ള അഭിപ്രായം. പല ഹോട്ടലുകളും വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഭൂരിപക്ഷം ഹോട്ടലുകളും മെച്ചപ്പെട്ട ഭക്ഷണം നൽകുമ്പോൾ ചിലർ അതിന് അപവാദമാകുന്നത് ഈ മേഖലയിലുള്ളവരെയെല്ലാം ബാധിക്കുന്ന സ്ഥിതിയാണ്.