ചാഴൂർ: കൃഷി വകുപ്പ്, കേരഫെഡ്, വി.എഫ്.പി.സി.കെ എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ചാഴൂർ പഞ്ചായത്തിൽ പച്ചത്തേങ്ങ സംഭരണം തുടങ്ങി. സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഇന്ദുലാൽ അദ്ധ്യക്ഷനായി. വി.എഫ്.പി.സി.കെ ജില്ലാ മാനേജർ ജഹാംഗീർ കാസിം പദ്ധതി വിശദീകരണം നടത്തി. അന്തിക്കാട് എ.ഡി.എ മിനി ജോസഫ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എൻ. ജോഷി, ടി.വി. പുഷ്പ, കെ.യു. ബബിത, എ. വിശ്വനാഥൻ, രൺദീപ്, എൻ.വി. രാമദാസ്, വി.എ. നൗഷാദ് എന്നിവർ സംസാരിച്ചു. ചാഴൂർ പഞ്ചായത്തിലെ പഴുവിൽ സെന്ററിൽ പ്രവർത്തിച്ചുവരുന്ന വി.എഫ്.പി.സി.കെ സ്വശ്രയ കർഷക സമിതിയിലാണ് പച്ചത്തേങ്ങ സംഭരണം ആരംഭിച്ചിട്ടുള്ളത്. കിലോയ്ക്ക് 32 രൂപ നിരക്കിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സംഭരിക്കുക. കൃഷിഭവനിൽ നിന്നുള്ള സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ദിവസം 5 ടൺ വരെ ശേഖരിക്കും. കർഷകർക്ക് നൽകാനുള്ള തുക അവരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ടെത്തും. സംഭരിക്കുന്ന നാളികേരം കേരഫെഡ് മൂല്യവർദ്ധിത ഉത്പന്നങ്ങളായി വിപണയിലെത്തിക്കും.