കൊടുങ്ങല്ലൂർ: മേത്തല തട്ടാമുട്ടി പാലത്തിനു സമീപം ഏറെ നാളുകളായി ഭീതി പരത്തിയിരുന്ന മലമ്പാമ്പിനെ പിടികൂടി. പരിസരവാസിയായ എമിൽ കുമാറാണ് മലമ്പാമ്പിനെ റോഡിൽ കണ്ടത്. വിവരം അറിയിച്ചതനുസരിച്ച് പരിസ്ഥിതി പ്രവർത്തകനായ കെ.ടി. കണ്ണന്റെ നേതൃത്വത്തിൽ സച്ചിൻ, ഷിവിൻ രാജ്, ശിഖിൽ രാജ്, സി.വി. സാനു എന്നിവർ ചേർന്ന് പാമ്പിനെ പിടികൂടുകയായിരുന്നു. ഏതാനും മാസങ്ങളായി പ്രദേശത്ത് പല സ്ഥലങ്ങളിലുമായി പാമ്പിനെ കണ്ടിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

പിടികൂടിയ പാമ്പിനെ അംഗീകൃത റെസ്‌ക്യൂ ടീം അംഗം താഹിർ അഴീക്കോടിന് കൈമാറി. മലമ്പാമ്പിനെ കൂടാതെ പ്രദേശത്ത് വന്യമൃഗങ്ങളായ മയിലിന്റെയും പന്നിയുടെയും ഉപദ്രവം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രദേശവാസികളായ ജമാൽ, ലത്തീഫ് എന്നിവരുടെ മരച്ചീനി കൃഷി പന്നി കുത്തി നശിപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പ് മയിലിന്റെ ഉപദ്രവത്തിൽ ഇവരുടെ ചേനക്കൃഷിയും നശിച്ചിരുന്നു. വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെട്ടു.