കൊടുങ്ങല്ലൂർ: പുല്ലൂറ്റ് നാരായണമംഗലത്ത് കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ചിട്ടുള്ള പൈപ്പ് പൊട്ടുന്നത് നിത്യസംഭവമാകുന്നു.
ജല അതോറിറ്റിയുടെ വാട്ടർടാങ്കിൽ നിന്നും, ലോകമലേശ്വരം, മേത്തല, പുല്ലൂറ്റ് പ്രദേശങ്ങളിലേക്ക് കുടിവെള്ളം വിതരണത്തിനായി സ്ഥാപിച്ചിട്ടുള്ള പൈപ്പാണ് പൊട്ടുന്നത്. വേനൽ കടുത്താൽ പലയിടത്തെയും കിണറുകളും വറ്റും. പൈപ്പ് ലൈനുകളെ മാത്രം ആശ്രയിച്ചാണ് നിരവധി കുടുംബങ്ങൾ കഴിയുന്നത്. 40 വർഷം മുമ്പാണ് ഇവിടെ പൈപ്പ് ലൈൻ സ്ഥാപിച്ചത്. പിന്നീട് അറ്റകുറ്റപ്പണികളോ പുതിയ പൈപ്പുകളോ സ്ഥാപിച്ചിട്ടില്ല. കാലപ്പഴക്കത്താൽ പല പൈപ്പുകൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്.
കൊടുങ്ങല്ലൂർ - തൃശൂർ സംസ്ഥാന പാത അന്താരാഷ്ട്ര നിലവാരത്തിലുയർത്തുന്ന പ്രവൃത്തിയുടെ മുന്നോടിയായി ഇവിടത്തെ പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. നിർമ്മാണ പ്രവൃത്തി കരുവന്നൂർ, വെള്ളാങ്ങല്ലൂർ പ്രദേശങ്ങളിൽ നടന്നു വരികയാണ്. താമസിയാതെ നാരായണമംഗലം ഭാഗത്തും ആരംഭിക്കും. നിലവിലെ കാസ്റ്റ് അയേൺ പൈപ്പ് ലൈൻ റോഡിന് അരികിൽ കൂടിയാണ് പോകുന്നത്. ഈ സാഹചര്യത്തിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചില്ലെങ്കിൽ നവീകരിക്കുന്ന റോഡ് വീണ്ടും കുത്തിപ്പൊളിക്കേണ്ട സ്ഥിതിയാകും.
പുതിയ പൈപ്പ് ഇടണം, നിവേദനം നൽകി
റോഡ് നിർമ്മാണം ആരംഭിക്കുന്നതിനോടൊപ്പം നിലവിൽ കുടിവെള്ള വിതരണം നടത്തികൊണ്ടിരിക്കുന്ന കാലപ്പഴക്കം ചെന്ന പൈപ്പുകൾ നീക്കം ചെയ്ത് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കട ഐശ്വര്യ റെസിഡന്റ്‌സ് അസോസിയേഷൻ ജലവിഭവ, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകി. വിഷയത്തിൽ അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പ്രസിഡന്റ് സി.എസ്. തിലകന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി കെ.പി. സുനിൽകുമാർ വിഷയാവതരണം നടത്തി. സെക്രട്ടറി എൻ.വി. ലക്ഷ്മണൻ, എ.എസ്. ബിജു, പി.ബി. ശശിധരൻ, ടി.വി. മുരളീധരൻ, വത്സല കുമാരി, കരുണാകരൻ, കെ.കെ. മയൂരനാഥൻ, ഇ. രാജൻ മേനോൻ, കെ.വി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.