കൊടുങ്ങല്ലൂർ: സ്‌കൂൾ കൂട്ടികളുമായി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് കുട്ടികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ടി.കെ.എസ് പുരം മെഡികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കൊടുങ്ങല്ലൂർ ബൈപാസ് റോഡിൽ നിന്നും ടി.കെ.എസ് പുരം ഇട റോഡിലേക്ക് കടക്കുന്നതിനിടെ ഇന്ന് രാവിലെ ഒമ്പതോടെയാണ് അപകടം. എതിരെ വന്ന ബൈക്ക് പെട്ടെന്ന് തിരിക്കുന്നത് കണ്ട് ഡ്രൈവർ സഡൻ ബ്രേക്ക് ഇട്ടതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായത്. കുട്ടികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കോട്ടപ്പുറം സെന്റ് മൈക്കിൾസ്, സെന്റ് ആൻസ് സ്‌കൂളുകളിൽ എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗത്തിൽ പഠിക്കുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന മുഴുവൻ വിദ്യാർത്ഥികളും എറിയാട് പരിസരത്തുള്ളവരാണ്. രക്ഷിതാക്കൾ ആശുപത്രിയിലെത്തി ഉച്ചയോടെ കുട്ടികളെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.