 നിർമ്മാണം നടക്കുന്ന ചേർപ്പ് ഹെർബർട്ട് കനാൽ പരിസരം.
 നിർമ്മാണം നടക്കുന്ന ചേർപ്പ് ഹെർബർട്ട് കനാൽ പരിസരം.
ചേർപ്പ് ഹെർബർട്ട് കനാൽപാലം നിർമ്മാണ പരിസരത്ത് സുരക്ഷാ വീഴ്ചയെന്ന് പരാതി
ചേർപ്പ്: തൃശൂർ - തൃപ്രയാർ സംസ്ഥാന പാതയിൽ ചേർപ്പ് ഹെർബർട്ട് കനാൽ പാലത്തിന്റെ നിർമ്മാണം നടക്കുന്ന സ്ഥലത്ത് വേണ്ടത്ര സുരക്ഷയൊരുക്കാതെ അധികൃതർ. മുന്നറിയിപ്പ് ബോർഡുകളോ, ദിശാ ബോർഡുകളോ, റിഫ്ലക്ടറുകളോ, വഴിവിളക്കുകളോ പ്രദേശത്ത് സ്ഥാപിച്ചിട്ടില്ല. രാത്രിയിൽ പ്രദേശമാകെ ഇരുട്ടിലാകുന്നതോടെ ജനങ്ങൾ ഭയന്നാണ് ഇതുവഴി കടന്നുപോകുന്നത്. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിലുള്ള വീഴ്ചയാണ് ഇന്നലെ നടന്ന അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഒരു വർഷം മുമ്പ് ആരംഭിച്ച പാലത്തിന്റെ നിർമ്മാണം ഇതുവരെയും പൂർത്തിയായിട്ടില്ല. പാലം പണി ഇഴഞ്ഞു നീങ്ങുന്നതിനാൽ സമീപത്തെ സമാന്തര വഴിയിലൂടെയാണ് ബസുകളടക്കം കടന്നുപോകുന്നത്. നിരവധി വാഹനങ്ങൾ ഈ പാതയിലൂടെ നിരന്തരം പോകുന്നതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അപകടാവസ്ഥ മുന്നിൽക്കണ്ട് നാട്ടുകാർ ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നും പറയുന്നു. ഫെബ്രുവരിയിൽ പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നാണ് അധികാര കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം.
15 അടി താഴ്ചയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്
ചേർപ്പ്: തൃശൂർ - തൃപ്രയാർ സംസ്ഥാന പാതയിൽ ചേർപ്പ് ഹെർബർട്ട് കനാലിൽ പാലം പണി നടക്കുന്നിടത്ത് നിയന്ത്രണം വിട്ട ബൈക്ക് 15 അടി താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ഗുരുതരപരിക്ക്. മാപ്രാണം തളിയക്കാട്ടിൽ വേലായുധൻ മകൻ ദിലീപ് (37) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം. നിർമ്മാണം നടക്കുന്ന കോൺക്രീറ്റ് ഭിത്തിയിൽ തല ഇടിക്കുകയായിരുന്നു. തൊഴിലാളികൾ ദിലീപിനെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.