 
തൃശൂർ: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിൽ റോഡിന് മദ്ധ്യത്തിൽ വിള്ളലുണ്ടായ സ്ഥലം പാലക്കാട് ദേശീയപാത അതോറിറ്റി ഡെപ്യൂട്ടി മാനേജർ സന്ദർശിച്ച് വിദഗ്ദ്ധാഭിപ്രായം രേഖപ്പെടുത്തി ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പ് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ദേശീയപാതയിൽ കുതിരാന് സമീപം വഴക്കുംപാറയിൽ പ്രധാന റോഡിന് മദ്ധ്യത്തിൽ വിള്ളലുണ്ടായ സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ദേശീയപാതയുടെ വശങ്ങൾ ഭിത്തികെട്ടി സുരക്ഷിതമാക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ അതിനുള്ള പരിഹാരവും റോഡിന്റെ സുരക്ഷാസ്ഥിതി സംബന്ധിച്ച വിശദീകരണവും അടങ്ങിയതായിരിക്കണം റിപ്പോർട്ട്. റോഡിലെ വിള്ളലുമായി ബന്ധപ്പെട്ട് ദേശീയപാത നിർമ്മാണ കരാറുകാരന് അടിയന്തര നോട്ടീസ് നൽകാൻ ദേശീയ പാത പ്രൊജക്ട് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.
കളക്ടർ നിർദേശിക്കുന്ന പി.ഡബ്ല്യു.ഡി വിദഗ്ദ്ധർ, റോഡ് പാലം വിദഗ്ദ്ധർ, എൻജിനിയറിംഗ് കോളേജിലെ വിദഗ്ദ്ധർ എന്നിവർ ഉൾപ്പെട്ട സംഘം രണ്ട് ദിവസത്തിനുള്ളിൽ വിള്ളൽ പരിശോധിച്ച് റിപോർട്ട് നൽകണം. മഴക്കാലത്ത് പാലത്തിൽ നിന്ന് താഴോട്ട് വെള്ളം ഒഴുകുന്നത് സംബന്ധിച്ച് ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കാനായി അവരുടെ അഭിപ്രായങ്ങൾകൂടി സംഘം ശേഖരിക്കണമെന്നും മന്ത്രി നിർദേശിച്ചു.
പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ ദേശീയപാതാ അതോറിറ്റി അധികൃതരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കും.
ജില്ലാ കളക്ടർ ഹരിത വി കുമാർ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവിന്ദ്രൻ, ഒല്ലൂക്കര ബ്ലോക്ക് മെമ്പർ രമ്യ രാജേഷ്, പട്ടിക്കാട് എസ്.ഐ ഷാജു, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
സുരക്ഷാഭിത്തിയില്ലെന്ന് മന്ത്രി
പഴയ പാതയിൽ നിന്ന് ഒമ്പത് മീറ്റർ ഉയർത്തിയാണ് പുതിയ പാത നിർമ്മിച്ചിരിക്കുന്നത്. ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായാൽ സമീപത്തെ വീടുകൾക്കും കടകൾക്കും ഭീഷണിയാകും. ഇത്രയും ഉയരത്തിൽ റോഡ് നിർമിക്കുമ്പോൾ ഇരുഭാഗത്തും കോൺക്രീറ്റ് ഭിത്തി നിർമിച്ച് സുരക്ഷിതമാക്കണമെന്നാണ് നിയമം. എന്നാൽ പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ മാത്രമാണ് സുരക്ഷാഭിത്തി നിർമിച്ചത്. റോഡിന്റെ മറുഭാഗത്ത് മണ്ണിട്ട് ഉയർത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും മന്ത്രി കെ. രാജൻ കുറ്റപ്പെടുത്തി.
ശബരിമല തീർത്ഥാടന കാലം പരിഗണിച്ച് ശാസ്ത്രീയ പരിശോധന നടത്തി സുരക്ഷിത യാത്ര ഉറപ്പാക്കും. ദേശീയപാതയുടെയും സർവീസ് റോഡിന്റെയും നിർമ്മാണത്തിൽ ഗുരുതര അലംഭാവവും വീഴ്ചയും ഉണ്ടായിട്ടുണ്ട്. സന്ദർശനത്തെക്കുറിച്ച് അറിഞ്ഞ് വിള്ളലുണ്ടായ സ്ഥലം അധികൃതർ കോൺക്രീറ്റ് ഇട്ട് അടച്ചിരിക്കുകയാണ്.
- കെ. രാജൻ, റവന്യൂ മന്ത്രി
പാലിയേക്കര ടോൾ: ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന്
തൃശൂർ: ദേശീയപാതയിൽ 60 കിലോമീറ്ററിനുള്ളിൽ ഒരു ടോൾ പ്ലാസയെന്ന നിയമപ്രകാരം പാലിയേക്കര ടോൾ നിറുത്തലാക്കാൻ ഇനിയും നടപടിയെടുക്കാതെ സംസ്ഥാന സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡി.സി.സി. വൈസ് പ്രസിഡന്റുമായ അഡ്വ. ജോസഫ് ടാജറ്റ്.
ഇത്തരത്തിലുള്ളവ നിറുത്തലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി സഭയിൽ പ്രഖ്യാപിച്ചിട്ട് ഒമ്പത് മാസമായി. ഇത് സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും സെക്രട്ടറിക്കും അപേക്ഷകൾ അയച്ചെങ്കിലും നടപടിയില്ല. നടപടി സ്വീകരിച്ചോ എന്ന് വിവരാവകാശ പ്രകാരം നൽകിയ ചോദ്യത്തിന് മൂന്ന് തവണയായി പരിശോധിച്ച് വരുന്നു എന്ന മറുപടിയാണ് ലഭിച്ചത്. ഒരു കത്ത് അയച്ചുവോ എന്ന് പരിശോധിക്കാൻ ഒമ്പത് മാസമായിട്ടും സാധിച്ചില്ലെന്നത് ഗുരുതരമായ വീഴ്ചയാണ്.
കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഈ ആവശ്യവുമായി കേന്ദ്ര സർക്കാരിനെയും ഹൈവേ അതോറിറ്റിയെയും സമീപിക്കുമ്പോൾ സംസ്ഥാന സർക്കാർ അവസടം വിനിയോഗിക്കുന്നില്ലെന്നും ടാജറ്റ് പറഞ്ഞു. ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാൻ റവന്യൂ മന്ത്രി മുൻകൈയ്യെടുക്കണമെന്ന് ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.