 അരിമ്പൂർ ഗവ. യു.പി സ്കൂളിന്റെ പുതിയ കെട്ടിടം.
അരിമ്പൂർ ഗവ. യു.പി സ്കൂളിന്റെ പുതിയ കെട്ടിടം.
കാഞ്ഞാണി: അരിമ്പൂർ ഗവ. യു.പി സ്കൂളിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി ലഭിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം 18ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനാകും.
ഉദ്ഘാടനത്തിനോടനുബന്ധിച്ച് മൂന്ന് മുതൽ പൂർവവിദ്യാർത്ഥികളായ ഹരിഷ് പശുപതി അവതരിപ്പിക്കുന്ന ചാക്യാർകൂത്തും മനോഷ് അരിമ്പൂർ പുല്ലാങ്കുഴൽ സംഗീത പരിപാടിയുമുണ്ടാകും. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, പ്രധാനദ്ധ്യാപിക വി. ഉഷാകുമാരി ടീച്ചർ, പി.ടി.എ പ്രസിഡന്റ് ടി.പി. ഷിജു, എസ്.എം.സി ചെയർമാൻ വി.എം. നിഖിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
സ്കൂൾ കെട്ടിടം ഇങ്ങനെ
ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ അക്കാഡമിക്ക് ബ്ലോക്കിൽ ഇരുനിലകളിലായി ആറ് ക്ലാസ് റൂമുകളാണുള്ളത്. 18 മാസമെടുത്താണ് പി.ഡബ്ല്യു.ഡി കെട്ടിടത്തിൻ്റെ പണി പൂർത്തിയാക്കിയത്. 4,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള കെട്ടിടത്തിലെ
എല്ലാ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിനു പുറമെ അരിമ്പൂർ പഞ്ചായത്തിൻ്റെ ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി 6.40 ലക്ഷം ചെലവഴിച്ച് ക്ലാസ് റൂമുകളിലേക്ക് ആവശ്യമായ ഫർണിച്ചറുകളും ഡിജിറ്റൽ ഉപകരണങ്ങളും ലഭ്യമാക്കും. പൂർവ വിദ്യാർത്ഥി സംഘടന ഒരു ലക്ഷത്തോളം ചെലവഴിച്ച് കുട്ടികളുടെ കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്.