കുന്നംകുളം: അക്കിക്കാവ് പി.എസ്.എം ഡെന്റൽ കോളേജിൽ സ്‌റ്റൈപ്പന്റ് വർദ്ധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ഹൗസ് സർജൻമാർ പണിമുടക്കിയത് രോഗികളെ വലച്ചു. ഇന്നലെ രാവിലെ 8 മുതൽ ആരംഭിച്ച സമരം ഉച്ചയ്ക്ക് 2 മണി തുടർന്നു. സമരം ഇന്നും സമരം തുടരും. ഗവ. ഡെന്റൽ കോളേജുകളിൽ ഇരുപതിനായിരം മുതൽ ഇരുപത്തിയാറായിരം രൂപ വരെയാണ് സ്‌റ്റൈപ്പന്റായി നൽകുന്നത്. എന്നാൽ ചില സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ആറായിരം രൂപയും പി.എസ്.എമ്മിൽ ഇത് നാലായിരം രൂപയുമാണ്. ഒരാഴ്ച മുന്നെ സമര നോട്ടീസ് നൽകി മാനേജ്‌മെന്റിനോട് ആവശ്യപ്പട്ടെങ്കിലും ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ല. നൂറ്റിപ്പത്തോളം ഹൗസ് സർജന്മാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ഫീസിനത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ഇരട്ടിയോളം നൽകേണ്ടി വരുമ്പോൾ പതിനായിരം രൂപയെങ്കിലും സ്റ്റൈപ്പന്റ് നൽകണമെന്നാണ് മാനേജ്‌മെന്റിനോട് ആവശ്യപ്പെടുന്നത്.