
തൃശൂർ: ഉന്നതവിദ്യാഭ്യാസ മേഖലയെ പല രൂപത്തിലും ഭാവത്തിലും വേഷത്തിലും കാവിവത്കരിക്കാനുള്ള പദ്ധതിക്ക് കേന്ദ്രസർക്കാർ കേരളത്തിലും അരങ്ങേറ്റം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഓൾ ഇന്ത്യ കിസാൻ സഭയുടെ ദേശീയ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയിൽ വർഗീയവിഷം നിറയ്ക്കുന്ന സർക്കാർ ഇവിടെയും വിദ്യാർത്ഥികളിൽ മസ്തിഷ്‌ക പ്രക്ഷാളനത്തിന് ശ്രമിച്ചു. അത് ആളുകൾ തിരിച്ചറിഞ്ഞു. തിരിച്ചറിയാത്തവർ വൈകാതെ അറിയും. എതിർക്കേണ്ടതിനെ എതിർക്കുക തന്നെ വേണം. കർഷകർക്ക് രാജ്യത്ത് രക്ഷയില്ല. കാരണം ആഗോളവത്കരണ, ഉദാരവത്കരണ നയങ്ങളാണ്. ഗാട്ട് കരാറിന് ശേഷം ആസിയാൻ കരാറുമായി യു.പി.എ ഗവണ്മെന്റ് വന്നു. കർഷക ആത്മഹത്യ കൂടി. മോദി സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ കർഷകർ പ്രക്ഷോഭം ആരംഭിച്ചു. ഇടതുപക്ഷവും സമരത്തിന് നേതൃത്വം നൽകി. സമരത്തിന് മുന്നിൽ മോദിയും കേന്ദ്ര മന്ത്രിമാരും മുട്ടുകുത്തി. മോദി വീണ്ടും കർഷകദ്രോഹ നയം നടപ്പാക്കുന്നു. കുത്തകകളെ സഹായിക്കുന്നു. കർഷകരെ സഹായിക്കാൻ ഒന്നും ചെയ്യുന്നില്ല. മതനിരപേക്ഷത തകർക്കുന്നു. മതാടിസ്ഥാനത്തിലല്ല പൗരത്വം നൽകേണ്ടത്. അത് നടപ്പാക്കാൻ ഇടയ്‌ക്കിടെ പ്രഖ്യാപനം നടത്തി ഒരു വിഭാഗം ജനത്തെ ഭീഷണിപ്പെടുത്തുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിലൂടെ രാജ്യവും തകരും. ഇതിൽ കോൺഗ്രസ് പ്രതിഷേധിക്കുന്നില്ലെന്നും പിണറായി പറഞ്ഞു.
എ.ഐ.കെ.എസ് ദേശീയ പ്രസിഡന്റ് അശോക് ധാവ്‌ളെ അദ്ധ്യക്ഷനായി. എ.സി മൊയ്തീൻ എം.എൽ.എ, എ.ഐ.കെ.എസ് ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ, ഇ.പി ജയരാജൻ, ടി.വെങ്കിട്ട്, ഹനൻ മൊള്ള, മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, കെ.രാധാകൃഷ്ണൻ, ആർ.ബിന്ദു, കർഷകസംഘം നേതാക്കളായ എം.വിജയകുമാർ, വത്സൻ പനോളി, അമർറാം തുടങ്ങിയവർ പങ്കെടുത്തു.