തൃശൂർ: കിസാൻ സഭ അഖിലേന്ത്യ പ്രസിഡന്റായി അശോക് ധാവ്‌ളയെ (മഹാരാഷ്ട്ര) വീണ്ടും തിരഞ്ഞെടുത്തു. മലയാളിയായ ഡോ.വിജു കൃഷ്ണനാണ് ജനറൽ സെക്രട്ടറി. ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ മലയാളിയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് കണ്ണൂർ കരിവള്ളൂർ സ്വദേശിയായ ഡോ.വിജു. അഖിലേന്ത്യാ കിസാൻ സഭയുടെ ജോയിന്റ് സെക്രട്ടറിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമാണ്. എസ്.രാമചന്ദ്രൻ പിള്ളയാണ് ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി.
ഡൽഹിയിലെ കർഷക മാർച്ചിന്റെ മുന്നണിപ്പോരാളികളിൽ ഒരാളായ വിജു കൃഷ്ണൻ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ എം.എയും ഗവേഷണബിരുദവും നേടിയിട്ടുണ്ട്. തുടർന്ന് കർണാടക സംസ്ഥാനത്തിന്റെ നാഷണൽ മെറിറ്റ് സ്‌കോളർഷിപ്പും നേടി. 2005ൽ ബംഗളൂരുവിലെ സെന്റ് ജോസഫ് കോളേജിൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തരബിരുദ വിഭാഗം മേധാവിയായി ചേർന്നു.
2009 ജനുവരിയിൽ അദ്ധ്യാപക ജോലി ഉപേക്ഷിച്ച് കിസാൻ സഭയുടെ പ്രവർത്തകനായി. ജെ.എൻ.യുവിലെ സ്‌കൂൾ ഒഫ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ കൗൺസിലറും 1996 മുതൽ 1999 വരെ സ്റ്റുഡന്റ്‌സ് യൂണിയൻ വൈസ് പ്രസിഡന്റുമായിരുന്നു. എസ്.എഫ്.ഐ ഡൽഹി സംസ്ഥാന പ്രസിഡന്റായിട്ടുണ്ട്.
നാസിക്കിൽ നിന്നും മുംബയ് വരെ നടന്ന 50,000 കർഷകർ പങ്കെടുത്ത കിസാൻ ലോംഗ് മാർച്ചിന്റെ മുഖ്യ സംഘാടകനായിരുന്നു. സി.പി.എം ഗവേഷണ വിഭാഗം,ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച്,പി.സുന്ദരയ്യ മെമ്മോറിയൽ ട്രസ്റ്റ്,ഇന്ത്യൻ സൊസൈറ്റി ഒഫ് അഗ്രോ എക്കോളജി ആൻഡ് ട്രേഡ് ഇന്റർനാഷണൽ തുടങ്ങിയവയുമായി പ്രവർത്തിക്കുന്നുണ്ട്. ഫോറം ഫോർ സയൻസ് ആൻഡ് ഡെവലപ്‌മെന്റിന്റെ കൺവീനറാണ് .
മറ്റു ഭാരവാഹികൾ
കേരളത്തിൽ നിന്നുള്ള പി.കൃഷ്ണപ്രസാദാണ് ഫിനാൻസ് സെക്രട്ടറി. നിലവിലെ ജനറൽ സെക്രട്ടറി ഹനൻ മൊള്ളയെ വൈസ് പ്രസിഡന്റാക്കി. അംറ റാം (രാജസ്ഥാൻ),ഇ.പി ജയരാജൻ (കേരളം),എസ്.കെ ശ്രീജ (കേരളം),അമൽ ഹൽദാർ (ബംഗാൾ),ബിപ്പ്‌ലാവ് മജൂംദാർ (ബംഗാൾ),പി.ഷൺമുഖം (തമിഴ്‌നാട്) എം.വിജയകുമാർ (കേരളം),ഇന്ദ്രജിത്ത് സിംഗ് (ഹരിയാന) എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാർ. ബാദൽ സരോജ് (പഞ്ചാബ്),വത്സൻ പനോളി (കേരളം),പബിത്രകാർ (ത്രിപുര),മുങ്കുന്ദ് സിംഗ് (ഉത്തർ പ്രദേശ്),ടി.സാഗർ (തെലങ്കാന),ഡി.രവീന്ദ്രൻ (തമിഴ്‌നാട്),അജിത്ത് നാവ്‌ലേ (മഹാരാഷ്ട്ര),അവ്‌ദേഷ് കുമാർ,വിനോദ് കുമാർ (ഇരുവരും ബീഹാർ) എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ. കേരളത്തിൽ നിന്നുള്ള ഭാരവാഹികൾക്ക് പുറമേ കെ.എൻ ബാലഗോപാൽ,കെ.കെ.രാഗേഷ്,എൻ.പ്രകാശൻ,ഗോപി കോട്ടമുറിക്കൽ,ഓമല്ലൂർ ശങ്കരൻ,എം.സ്വരാജ് എന്നിവർ ദേശീയ കൗൺസിലിൽ ഉൾപ്പെട്ടു.