കുന്നംകുളം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് നേതാക്കളെ കുന്നംകുളം പൊലീസ് കരുതൽ തടങ്കലിലാക്കി. യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജക മണ്ഡലം പ്രസിഡന്റ് എ.എം. നിധീഷ്, ജെറിൻ പി. രാജു, ജില്ലാ സെക്രട്ടറി വിഘ്‌നേശ്വര പ്രസാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത കരുതൽ തടങ്കലിലാക്കിയത്. വെള്ളിയാഴ്ച രാത്രി 7.30ന് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കുന്നംകുളം നഗരത്തിലൂടെ കടന്നുപോകുന്നുണ്ട്. കുന്നംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ഇടങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനം വ്യൂഹത്തിന് നേരെ കരിങ്കൊടി കാണിക്കാൻ സാദ്ധ്യതയുണ്ടെന്ന് പൊലീസിന്റെ രഹസ്യ അന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തെ തുടർന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. 7.30ഓടെ തൃശൂരിൽ നിന്ന് പുറപ്പെടുന്ന വാഹനം 8 മണിയോടെ കുന്നംകുളം നഗരത്തിലൂടെ കടന്നുപോകുമെന്നാണ് വിവരം. വാഹനവ്യൂഹം കടന്നു പോയതിനുശേഷമായിരിക്കും നേതാക്കളുടെ കരുതൽ തടങ്കൽ അവസാനിപ്പിക്കുക.