
പുതുക്കാട് : മറ്റൊരു ക്ഷേത്രത്തിലും കേൾക്കാത്ത നിവേദ്യം ഭഗവാന് സമർപ്പിച്ച് നിർവൃതി അടയുകയാണ് ഭക്തർ. ധനു ഒന്നു മുതൽ 30 ദിവസം രാപ്പാൾ ശ്രീകൃഷ്ണപുരം ക്ഷേത്രത്തിലാണ് ഈ നിവേദ്യമുള്ളത്. ദദ്ധ്യന്നം നിവേദ്യമെന്നാണ് പേര്. ദധിയും അന്നവും ചേർന്നതാണ് ദദ്ധ്യന്നം. ഇന്നലെ കുട്ടികൾക്ക് ക്ഷേത്രനടപ്പുരയിൽ ഇലയിട്ട് ദദ്ധ്യന്നം നൽകി. ആദ്യകാലങ്ങളിൽ നിവേദ്യം വാങ്ങി വീട്ടിൽ കൊണ്ടുപോയാണ് കഴിച്ചിരുന്നത്. അടുത്ത കാലത്തായി ക്ഷേത്രത്തിൽ ഇലയിട്ട് കുട്ടികൾക്ക് കൊടുക്കുന്നുണ്ട്. നാഴി അരിയും ഒരു ഉപ്പുമാങ്ങ, നാഴി ഉറതൈര്, ഒരു തിരി പച്ചക്കുരുമുളക്, ആവശ്യത്തിന് ഉപ്പ്, ഇഞ്ചി ഒരു കഷണം എന്നിവയാണ് ദദ്ധ്യന്നത്തിൽ ചേർക്കുക.