കൊടുങ്ങല്ലൂർ: റോഡുപണിക്കായി സൂക്ഷിച്ചിരുന്ന 12 ബാരൽ ടാർ മോഷണം പോയതായി പരാതി. കോട്ടപ്പുറം കോട്ട പി.ഡബ്യു.ഡി റോഡ് റീ ടാർ ചെയ്യുന്നതിനായി കോട്ടപ്പുറം പാലത്തിന്റെ അപ്രോച്ച് റോഡിന് കിഴക്ക് വശം സൂക്ഷിച്ചിരുന്ന ടാറാണ് മോഷണം പോയത്. ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കരാറുകാരൻ പറഞ്ഞു. ഏതാനും ദിവസങ്ങളായി നടന്നുവരുന്ന റോഡു പണി മഴയും പ്ലാന്റ് തകരാറ് മൂലവും നിറുത്തിവച്ചിരിക്കുകയായിരുന്നു. ഇന്നലെ പുനരാംരംഭിക്കാൻ എത്തിയപ്പോഴാണ് ടാർ മോഷണം പോയതായി അറിഞ്ഞത്. കോട്ടപ്പുറം പാലത്തിന്റെ അപ്രോച്ച് റോഡിന് കിഴക്കുവശമുള്ള മൈതാനത്താണ് പണിക്കാവശ്യമായ വസ്തുക്കൾ മിക്‌സ് ചെയ്തിരുന്നത്. ഇതിനിടയിലാണ് ടാർ മോഷണം നടന്നത്. കരാറുകാരൻ കൊടകര സ്വദേശി അനീഷിന്റെ പരാതിയെ തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.