pa
പാലക്കൽ മാർക്കറ്റ് പരിസരത്ത് കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്

കൂർക്കഞ്ചേരി - പാലക്കൽ - പെരുമ്പിള്ളിശ്ശേരി റോഡിൽ ഗതാഗതക്കുരുക്ക്

ചേർപ്പ്: കൂർക്കഞ്ചേരി - പാലക്കൽ - പെരുമ്പിള്ളിശ്ശേരി റോഡിലെ രണ്ടാംഘട്ട നിർമ്മാണം മൂലം ഗതാഗത കുരുക്കിലകപ്പെട്ട് യാത്രക്കാർ. പാലക്കൽ മാർക്കറ്റ് പരിസരത്താണ് കഴിഞ്ഞ ദിവസം മുതൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. കൊടുങ്ങല്ലൂർ ഷൊർണൂർ റോഡിൽ കൂർക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെ 34 കിലോമീറ്ററിലാണ് എട്ട് മീറ്റർ വീതിയിൽ 45 സെന്റിമീറ്റർ കനത്തിൽ കോൺക്രീറ്റിംഗോടെ വൈറ്റ് ടോപിംഗ് റോഡ് നിർമ്മിക്കുന്നത്. റോഡിന്റെ ഒരു ഭാഗത്താണ് ഇപ്പോൾ നിർമ്മാണം നടക്കുന്നത്. പ്രവൃത്തിയിലെ മെല്ലെപ്പോക്ക് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ സമരങ്ങളും നടന്നിരുന്നു. പിന്നീട് റോഡിന്റെ മറുഭാഗത്തെ കലുങ്കുകളും മറ്റും പൊളിച്ചുനീക്കിയതാണ് ഗതാഗതത്തിന് തടസമായത്. ഇപ്പോൾ ആംബുലൻസും, ദീർഘദൂര ബസുകളും മറ്റും ഏറെ നേരം കുരുക്കിൽപ്പെടുകയാണ്.

അമ്മാടം, കോടന്നൂർ, പള്ളിപ്പുറം പ്രദേശങ്ങളിൽ നിന്ന് വരുന്ന ബസുകൾ പെരുമ്പിള്ളിശ്ശേരി പൂച്ചിന്നിപ്പാടം വഴി പത്ത് കിലോമീറ്ററോളം ചുറ്റിയാണ് സർവീസ് നടത്തുന്നത്. അതിനാൽ ജോലി സ്ഥലത്തെത്താനും മറ്റുമായി ദീർഘനേരം യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ഗതാഗതം നിയന്ത്രിക്കാൻ പൊലീസുണ്ടെങ്കിലും റോഡിലെ വാഹനങ്ങളുടെ വർദ്ധനവ് യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

വെള്ളിയാഴ്ച മുതലാണ് കൂർക്കഞ്ചേരി - പാലക്കൽ - പെരുമ്പിള്ളിശ്ശേരി റോഡിൽ നിർമ്മാണം പുനരാരംഭിച്ചത്. ഫെബ്രുവരി വരെ നിർമ്മാണ പ്രവൃത്തികൾ നീളുമെന്നാണ് അധികൃതർ പറയുന്നത്. തൃശൂരിൽ നിന്ന് വരുന്ന തൃപ്രയാർ ചേർപ്പ് വഴി പോകുന്ന ബസുകൾ ഇപ്പോൾ ആനക്കല്ല് വഴിയാണ് സർവീസ് നടത്തുന്നത്. എത്രയും വേഗം റോഡ് നിർമ്മാണം പൂർത്തിയാക്കി ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.