നാരായണൻകുട്ടി ബൾബ് നിർമ്മാണത്തിൽ.
കൊടുങ്ങല്ലൂർ: ശരീരം പാതി തളർന്ന് കട്ടിലിൽ ഇരുന്നുകൊണ്ട് പുല്ലൂറ്റ് ചാപ്പാറ സ്വദേശി മഠത്തിൽ നാരായണൻകുട്ടി (64) എൽ.ഇ.ഡി മാല ബൾബുകൾ നിർമ്മിക്കുന്നത് നിത്യചെലവിന് വേണ്ടിയാണ്. നിർമ്മാണത്തിനൊടുവിൽ സുഹൃത്തും അംഗപരിമിതനുമായ അനീഷിനെ വിൽക്കാൻ ഏൽപ്പിക്കും. പക്ഷേ, വിപണിയിലെ ഇറക്കുമതി എൽ.ഇ.ഡി ബൾബുകളോട് മത്സരിക്കാൻ നാരായണൻകുട്ടിക്കാകുന്നില്ല.
കോഴിക്കോട് തയ്യലകടവ് കൂട്ടുമുക്കിയെന്ന സ്ഥലത്ത് താത്കാലിക ചെത്തുതൊഴിലാളിയായിരുന്ന നാരായണൻകുട്ടി 2006ൽ തെങ്ങിൽ നിന്ന് വീണ് അരയ്ക്ക് താഴെ തളരുകയായിരുന്നു. കോഴിക്കോട്, തൃശൂർ, കൊടുങ്ങല്ലൂർ എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിൽ ഏറെ നാൾ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കട്ടിലിൽ തന്നെയായി നാരായണൻകുട്ടിയുടെ ജീവിതം. വീട്ടിൽ ഭാര്യ ഗിരിജ മാത്രമേയുള്ളൂ. ഏക മകൾ വിവാഹിതയാണ്. സാമൂഹിക ക്ഷേമ പെൻഷൻ മാത്രമാണ് ആകെയുള്ള വരുമാനം.
കിടപ്പുരോഗികളെ നോക്കുന്നതിനുള്ള ആശ്രിത പെൻഷനായ 600 രൂപ ഇവർക്ക് നേരത്തെ ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷമായി അതും കിട്ടുന്നില്ല. ഒരു ബന്ധുവാണ് എൽ.ഇ.ഡി മാലബൾബ് നിർമ്മാണം പഠിപ്പിച്ചത്. എൽ.ഇ.ഡി ബൾബുകളുടെ മികച്ച വിപണിയായ ക്രിസ്മസ് - പുതുവത്സര സീസണാണ് ഇനി നാരായണൻകുട്ടിയുടെ മുമ്പിലെ പ്രതീക്ഷ.