ചാലക്കുടി: ഗവ.ഐ.ടി.ഐ പരിസരത്ത് ട്രാംവേ മ്യൂസിയം നിർമ്മിക്കുന്നതിന് അനുമതി ലഭിച്ച ഭൂമിയുടെ രേഖകൾ പുരാവസ്തു വകുപ്പിന് കൈനാറി. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ചാലക്കുടി തഹസിൽദാർ ഇ.എൻ. രാജുവാണ് പുരാവസ്തു വകുപ്പ് കൺസർവേഷൻ എൻജിനിയർ എസ്. ഭൂപേഷിന് രേഖകൾ നൽകിയത്. ഭൂമി സംബന്ധമായ നടപടികൾ പൂർത്തീകരിച്ച് മ്യൂസിയം സജ്ജീകരണം എത്രയും വേഗം ആരംഭിക്കണമെന്ന് എം.എൽ.എ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ചാലക്കുടി വില്ലേജിൽ ഉൾപ്പെട്ട റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള അമ്പത് സെന്റ് സ്ഥലത്ത് പുരാവസ്തു വകുപ്പിന് ഉപയോഗാനുമതി നൽകി കൈമാറാൻ നേരത്തെ അനുമതി ലഭിച്ചിരുന്നു.
നഗരസഭാ ചെയർമാൻ എബി ജോർജ്, വൈസ് ചെയർപേഴ്‌സൺ ആലിസ് ഷിബു, സ്ഥിരംസമിതി അദ്ധ്യക്ഷരായ സി. ശ്രീദേവി, സൂസമ്മ ആന്റണി, കൗൺസിലർ ബിന്ദു ശശികുമാർ, വില്ലജ് ഓഫിസർ എ.എസ്. ശിവാനന്ദൻ, ആർക്കിയോളജി വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ പി.എസ്. ഗീത തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
നിർമ്മാണം രണ്ട് ഘട്ടമായി
മ്യൂസിയം നിർമ്മാണം രണ്ട് ഘട്ടമായി നടത്തും. ആദ്യഘട്ടത്തിൽ നിർദിഷ്ട സ്ഥലത്ത് നിലനിൽക്കുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് മ്യൂസിയത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. ഇതിന്റെ പ്രവർത്തനങ്ങൾ ജനുവരിയിൽ ആരംഭിക്കും. ട്രാംവേ സംബന്ധമായ പഴയ രേഖകൾ, ഉപകരണങ്ങൾ ഉൾപ്പടെയുള്ള ശേഷിപ്പുകൾ അടങ്ങുന്ന ലഭ്യമായ പുരാവസ്തുക്കൾ മ്യൂസിയത്തിൽ എത്തിച്ച് പൊതുജനങ്ങൾക്ക് കാണാൻ സൗകര്യമൊരുക്കി മ്യൂസിയം സജ്ജീകരിക്കുന്ന പ്രവർത്തനങ്ങൾ നോഡൽ ഏജൻസിയായ കേരളം മ്യൂസിയം മുഖേന രണ്ടാംഘട്ടത്തിൽ നടപ്പാക്കും. മ്യൂസിയം നിർമ്മാണത്തിന് 1.42 കോടി രൂപ ചെലവ് വരും.