റോഡ് ബി.എം.ബി.സി നിലവാരത്തിൽ ഉയർത്തണമെന്ന് ആവശ്യം

മാള: ടാറിളകിക്കിടക്കുന്ന കോട്ടമുറി - കല്ലൂർ റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്കരം. പൊതുമരാമത്ത് വകുപ്പ് മാള സെക്ഷന്റെ പരിധിയിലുള്ള റോഡിന്റെ പലഭാഗവും പൊളിഞ്ഞ് കുണ്ടും കുഴിയും രൂപപ്പെട്ടിട്ടുണ്ട്. ടു വീലർ യാത്രക്കാർക്ക് ഈ റോഡിലൂടെയുള യാത്ര ഏറെ ശ്രമകരമാണ്. ഏകദേശം 50 വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത റോഡിനെ ബി.എം.ബി.സി നിലവാരത്തിൽ ഉയർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനിടയിൽ മറ്റു പല റോഡുകളും ബി.എം.ബി.സി നിലവാരത്തിൽ പണിതപ്പോൾ ഈ റോഡിന് അവഗണന മാത്രമാണുണ്ടായത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഇൻഡസ്ട്രിയൽ എസ്റ്റേറ്റും, വൈദ്യുതി സെക്ഷൻ ഓഫീസും, ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്ന പ്രദേശത്ത് നിരവധി ജനങ്ങൾ തിങ്ങിപ്പാർക്കുന്നുണ്ട്. മാളയിൽ നിന്ന് അങ്കമാലി, എറണാകുളം ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് ദേശീയപാതയിൽ എത്തിച്ചേരാനുള്ള എളുപ്പമാർഗം കൂടിയാണ് ഈ റോഡ്. അഞ്ച് കിലോമീറ്റർ നീളമുള്ള റോഡ് 2004- 2005 കാലഘട്ടത്തിലാണ് ചിലയിടങ്ങളിൽ മാത്രം കാന പണിത് മുഴുവനായും ടാർ ചെയ്യതത്. പിന്നീട് പാച്ച് വർക്ക് മാത്രമാണ് നടത്തിയത്. വർഷംതോറും നിർമ്മാണം സംബന്ധിച്ച് പല പ്രഖ്യാപനങ്ങളും അധികാരികൾ നടത്തുന്നുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല.