pressclub

തൃശൂർ: കളിക്കളങ്ങളിൽ മത്സരങ്ങളുണ്ടെങ്കിലും സൗഹൃദങ്ങൾ ഊഷ്മളമാകുന്നത് മൈതാനങ്ങളിലാണെന്ന് നടൻ ജയസൂര്യ പറഞ്ഞു. കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കുന്ന തൃശൂർ പ്രസ്‌ക്ലബ് ടീമിന്റെ ജഴ്‌സി പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് കളികളൊന്നും അറിയില്ല, കളിച്ചിട്ടുമില്ല.

ചെറുപ്പം മുതൽ മിമിക്രിയിലൂടെയാണ് ജീവിതം മുന്നോട്ടു പോയത്. പക്ഷേ കളിക്കാരെയും കളിക്കളങ്ങളിൽ ഉണ്ടാകുന്ന ബന്ധങ്ങളുടെ ആഴത്തെക്കുറിച്ചും അറിയാം. തൃശൂരിലാണ് തന്റെ ആദ്യത്തെ സിനിമ പിറന്നത്. പലപ്പോഴും തൃശൂരുകാരനാണോയെന്ന് പലരും ചോദിച്ചിട്ടുണ്ടെന്നും ജയസൂര്യ പറഞ്ഞു. ടീം ക്യാപ്റ്റൻ സി.എസ്.ദീപുവിന് ജഴ്‌സി നൽകി പ്രകാശനം നടത്തി. സംഗീത സംവിധായകൻ രതീഷ് വേഗ, കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന പ്രസിഡന്റ് എം.വി വിനീത, ജില്ലാ പ്രസിഡന്റ് ഒ.രാധിക, ട്രഷറർ കെ.ഗിരീഷ്, സെക്രട്ടറി പോൾ മാത്യു എന്നിവർ പ്രസംഗിച്ചു.