ചാലക്കുടി: കിഴക്കെ ചാലക്കുടി ഗ്രൂപ്പ് വില്ലേജ് ഓഫീസിനുവേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടം തിങ്കളാഴ്ച റവന്യു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ 44 ലക്ഷം രൂപ ചെലവിലാണ് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിച്ചത്. രാവിലെ 9.30ന് നടക്കുന്ന യോഗത്തിൽ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബെന്നി ബെഹന്നാൻ എം.പി മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയർമാൻ എബി ജോർജ്, ജില്ലാ കളക്ടർ ഹരിത വി.കുമാർ, നഗരസഭാ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, കൗൺസിലർ റോസി ലാസർ, തഹസിൽദാർ ഇ.എൻ. രാജു, ആർ.ഡി.ഒ: എം.കെ. ഷാജി എന്നിവർ പ്രസംഗിക്കും. പരിപാടികൾ വിശദീകരിക്കുന്നതിന് ചേർന്ന വാർത്താസമ്മേളനത്തിൽ ചെയർമാൻ എബി ജോർജ്, തഹസിൽദാർ ഇ.എൻ. രാജു, വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബു, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് എന്നിവർ സംബന്ധിച്ചു.