
തൃശൂർ: നോർക്ക റൂട്ട്‌സിന്റെയും സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തിൽ അഞ്ച് ജില്ലകളിലെ പ്രവാസി സംരംഭകർക്കായി സംഘടിപ്പിക്കുന്ന പ്രവാസി ലോൺമേളയ്ക്ക് 19ന് തുടക്കം. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ പ്രവാസി സംരംഭകർക്കായാണ് നോർക്ക റൂട്ട്‌സ് എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെ ഭാഗമായി ഡിസംബർ 21 വരെ മേള നടത്തുന്നത്. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം എസ്.ബി.ഐ മലപ്പുറം റീജ്യണൽ ഓഫീസിൽ പി.ഉബൈദുളള എം.എൽ.എ നിർവഹിക്കും. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി നാട്ടിൽ മടങ്ങി വന്ന പ്രവാസികൾക്ക് പങ്കെടുക്കാം. മലപ്പുറത്ത് എസ്.ബി.ഐ റീജ്യണൽ ബിസിനസ് ഓഫീസിലും, മറ്റ് ജില്ലകളിലെ എസ്.ബി.ഐ മെയിൻ ബ്രാഞ്ചിലും, ജില്ലയിൽ എസ്.ബി.ഐ എസ്.എം.ഇ.സി.സി, കരുണാകരൻ നമ്പ്യാർ റോഡ് ബ്രാഞ്ചിലുമാണ് വായ്പാ മേള നടക്കുക. നോർക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org വഴി രജിസ്റ്റർ ചെയ്തവർക്കേ ലോൺ മേളയിൽ പങ്കെടുക്കാനാകൂ. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്ത് നിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാം.