
തൃശൂർ: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിൽ കുതിരാൻ ടണലിന് സമീപം വഴുക്കുമ്പാറ ഭാഗത്ത് ഉദ്ഘാടനദിനം വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ പരിശോധനയും അന്വേഷണവുമുണ്ടാകും. പഞ്ചായത്ത് പ്രതിനിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ പരാതി നൽകിയതോടെ ദേശീയപാതയുടെ സാങ്കേതിക വിഭാഗം വഴുക്കുംപാറയിൽ സന്ദർശനം നടത്തും. വിശദമായ അന്വേഷണം നടത്തുമെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടർ ബിബിൻ മധുവും വ്യക്തമാക്കി. വിള്ളലുണ്ടായ ഭാഗം കുഴിച്ച് വിശദ പരിശോധന നടത്തേണ്ടതുണ്ടെന്ന നിലപാടിലാണ് ദേശീയപാത അധികൃതരും. പ്രദേശത്ത് സർവീസ് റോഡ് അനിവാര്യമാണെന്നും പാർശ്വഭിത്തിയുടെ ബലക്കുറവിന്റെ പേരിൽ സർവീസ് റോഡ് മണ്ണിട്ടുമൂടാൻ സമ്മതിക്കില്ലെന്നുമുള്ള നിലപാടിലാണ് നാട്ടുകാർ.
വഴുക്കുമ്പാറ മേൽപ്പാതയ്ക്ക് സമീപം ദേശീയപാതയുടെ സുരക്ഷാഭിത്തിയിലും റോഡിലും വിള്ളൽ കണ്ടെത്തിയിരുന്നു. 15 അടി ഉയരത്തിൽ കെട്ടിപ്പൊക്കിയ സുരക്ഷാ ഭിത്തിയിലാണ്, നിർമാണം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിലാണ് വിള്ളലുണ്ടായത്. ഇവിടെ മണ്ണ് ഇടിയാനും തുടങ്ങി. പ്രധാന പാതയുടെ വശങ്ങളിലുള്ള മണ്ണിന് മുകളിൽ കരിങ്കൽ പാകി കോൺക്രീറ്റിംഗ് നടത്തി ബലപ്പെടുത്താൻ കമ്പനി അധികൃതർ ശ്രമിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ കോൺക്രീറ്റിന് അടിയിൽ നിന്നും മണ്ണ് ഒലിച്ച് പോകുകയും കോൺക്രീറ്റ് ചെയ്ത ഭാഗത്ത് വിള്ളൽ രൂപപ്പെടുകയായിരുന്നു.
കാരണം സുരക്ഷാഭിത്തി പണിയാത്തത് ?
11 മീറ്റർ ഉയരത്തിലുള്ള റോഡിന്റെ അരികിൽ സുരക്ഷാഭിത്തി ഇല്ലാത്തതാണ് വിളളലിന് കാരണമെന്നാണ് പ്രാഥമികമായി ഉയർന്ന സംശയം. മഴവെള്ളം മണ്ണിലിറങ്ങുമ്പോൾ വിള്ളലുകൾ രൂപപ്പെട്ടു. മഴവെള്ളം ഇറങ്ങാതിരിക്കാൻ താത്കാലികമായി ടാർപോളിൻ ഉപയോഗിച്ച് സ്ഥലം മൂടിയിട്ടുമുണ്ടായിരുന്നു. അതേസമയം, ദേശീയപാതയുടെ പാർശ്വഭിത്തിക്ക് വേണ്ടത്ര ചരിവ് നൽകാത്തതുകൊണ്ടാണെന്നായിരുന്നു സ്ഥലം സന്ദർശിച്ച ദേശീയപാത പ്രോജക്ട് ഡയറക്ടറുടെ വിശദീകരണം. ചരിവ് കുറവായതിനാലാണ് പാർശ്വഭിത്തി തകരുന്നതും ദേശീയപാതയിൽ വിള്ളലുണ്ടാകുന്നതുമെന്നുമാണ് പ്രാഥമിക നിഗമനം.
മന്ത്രിയുടെ താക്കീതിൽ പ്രതീക്ഷ
കൽക്കെട്ട് മതിയായ മാനദണ്ഡം പാലിച്ചല്ലെന്നും നാട്ടുകാരെ പറ്റിക്കാനായി എന്തെങ്കിലും ചെയ്യരുതെന്നും പറഞ്ഞ് മന്ത്രി കെ.രാജൻ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഉകരാറുകാരനും ദേശീയപാത അധികൃതർക്കും വീഴ്ചയിൽ ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന സംസ്ഥാനത്തെ പ്രധാനപാതയാണിത്. ടോൾപിരിവും നടക്കുന്നുണ്ട്. അതുകൊണ്ട് നാട്ടുകാരും പഞ്ചായത്ത് അധികൃതരും വൻ പ്രതിഷേധത്തിലാണ്.
17 വർഷത്തെ കാത്തിരിപ്പ്
നീളം: 28 കിലോമീറ്റർ
ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം: 2005 മേയ് 16നും ഒക്ടോബർ 21നും
സ്ഥലമെടുപ്പ്: 2009ൽ, പൂർത്തിയായത്: 2013 മേയ് 31ന്
നിർമ്മാണകരാർ: 2009 ഓഗസ്റ്റ് 24ന് തൃശൂർ എക്‌സ്പ്രസ് ലിമിറ്റഡ് എന്ന ഹൈദരാബാദ് കമ്പനിയുമായി.
കുതിരാൻ ടണൽ നിർമ്മാണം: 2014 ന്
തൃശൂരിലേക്കുള്ള ടണൽ തുറന്നത്: 2021 ജൂലായ് 31ന്
രണ്ടാം ടണൽ തുറന്നത്: 2022 ജനുവരി 20ന്
ടോൾ പിരിവ്: 2022 മാർച്ചിൽ