
നൈജീരിയൻ മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെ വലിയൊരു കോളനി തന്നെ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന കേരള പൊലീസിന്റെ കണ്ടെത്തൽ നിസാരമായി കണ്ടുകൂടാ. 'കെൻ' എന്ന പേരിൽ കുപ്രസിദ്ധനായ മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെ തലവനെ പിടികൂടിയപ്പോഴാണ് ഈ കോളനി തൃശൂരിലെ ലഹരിവിരുദ്ധസ്ക്വാഡ് കണ്ടെത്തിയത്.
മയക്കുമരുന്ന് സംഘങ്ങൾക്ക് വെള്ളവും വളവുമായി വർഷങ്ങളായി ഡൽഹിയിൽ ഇത്തരം കോളനികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതിലൊന്നിൽ നിന്നാണ് കഴിഞ്ഞ ദിവസം നൈജീരിയൻ യുവാവിനെ തൃശൂർ പൊലീസ് പിടികൂടിയത്. യു.എൻ അഭയാർത്ഥി സർട്ടിഫിക്കറ്റ് മാത്രമുള്ളവരാണ് കോളനിയിൽ പലരും. പൊലീസ് അന്വേഷിക്കുമ്പോൾ പാസ്‌പോർട്ട് കളഞ്ഞുപോയെന്ന് പറഞ്ഞ് ഈ സർട്ടിഫിക്കറ്റ് കാണിക്കും. വിസയോ പാസ്‌പോർട്ടോ ഇല്ലാതെ ഇവരെങ്ങനെ ഇന്ത്യയിലെത്തുന്നു എന്നതിന് ഡൽഹി പൊലീസിനും കൃത്യമായ വിവരമില്ല.
ഇവരുടെ കോളനികളിൽ വീടുകൾക്കെല്ലാം ഇരുമ്പുവാതിലുകളാണ്. പൊലീസ് അന്വേഷിച്ചുവരുമ്പോഴേക്കും വാതിൽപൂട്ടും. പലരും സ്ഥലം വിടും. അതുകൊണ്ട് വളരെ ആസൂത്രിതവും സാഹസികവുമായായിരുന്നു പ്രതിയെ പിടികൂടാനെത്തിയത്. കെൻ എന്ന പേരിൽ മയക്കുമരുന്ന് മാഫിയകളിൽ അറിയപ്പെടുന്ന എബൂക്ക വിക്ടർ അനയോയെ (27) പിടികൂടി തൃശൂരിലെത്തിച്ച് ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ പരസ്പര വിരുദ്ധമായും വസ്തുതാവിരുദ്ധമായും മറുപടി നൽകുന്നത് പൊലീസിനെ വലയ്ക്കുകയാണ്. ഡൽഹി കേന്ദ്രീകരിച്ച് വൻ കടത്തു സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇപ്പോൾ കണ്ടെത്തിയത് മഞ്ഞുമലയുടെ അറ്റമാണെന്നുമുളള നിഗമനത്തിലാണ് പൊലീസ്.
കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് എം.ഡി.എം.എ അടക്കമുള്ള മാരക സിന്തറ്റിക് ലഹരിമരുന്നുകൾ മൊത്തവിതരണം നടത്തുന്നതു കെന്നിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് വ്യക്തമായിട്ടുണ്ട്.
നൈജീരിയൻ കോളനിയിൽ ഇയാളെ നേരിട്ടു കാണാൻ തന്നെ പൊലീസിനു മാസങ്ങളോളം അദ്ധ്വാനിക്കേണ്ടിവന്നു. കിർക്കി എക്‌സ്റ്റൻഷനിലെ കോളനിയിൽ ആറ് റോഡുകൾ ഒരേസമയം തടസപ്പെടുത്തിയാണ് ഡൽഹി പൊലീസിന്റെ സഹായത്തോടെ റെയ്ഡ് നടത്തിയത്. അറസ്റ്റിലായ പ്രതിയെ ഡൽഹിയിലെ സാകേത് കോടതിയിൽ ഹാജരാക്കി. രണ്ട് ദിവസം തിഹാർ ജയിലിൽ പാർപ്പിച്ച ശേഷമാണ് കോടതി ഇയാളെ കേരളത്തിലേക്കു കൊണ്ടുപോകാൻ അനുമതി നൽകിയത്. എം.ഡി.എം.എ നിർമാണ യൂണിറ്റ് എവിടെയെന്ന ചോദ്യത്തിന് എബൂക്ക മറുപടി നൽകിയിട്ടില്ല. ഇത്തരം സംഘങ്ങൾ ആഡംബര ജീവിതമാണ് നയിക്കുന്നത്.
ക്രിമിനൽ കോട്ടയിൽ
ഭയത്തോടെ പൊലീസ്
മൊത്തക്കച്ചവടവും നിർമാണവും നടത്തുന്നത് സായുധരായ ക്രിമിനൽ സംഘങ്ങളാകും എന്നതിനാൽ പൊലീസ് അന്വേഷണത്തിന് കരുതൽ ഏറെ വേണമായിരുന്നു. എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാമെന്ന വിചാരത്തോടെയായിരുന്നു ഡൽഹി പൊലീസിൻ്റെ സഹായത്തോടെ തൃശൂർ പൊലീസ് അവിടെയെത്തിയത്. സാഹസികമായി നടത്തിയ മിന്നൽ പരിശോധനയിലായിരുന്നു അറസ്റ്റ്. എബൂക്ക പിടിയിലായ കോളനിയിലെ ഗലികളിൽ ചിത്രം കാട്ടിയിട്ടു പോലും ആരും വിവരങ്ങൾ തന്നില്ല. പൊലീസ് ആണെന്നു കണ്ടാൽ കോളനി നിവാസികൾ വീടുകളുടെ വാതിൽപൂട്ടി അന്വേഷണത്തോടു നിസ്സഹകരിക്കുകയായിരുന്നു. വേഷംമാറിയുള്ള അന്വേഷണത്തിലേക്കു പൊലീസ് മാറിയെങ്കിലും പിടികൂടാൻ പ്രയാസപ്പെട്ടു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും ചില്ലറ വിൽപ്പനക്കാരെയും ഇതിനുമുമ്പ് പൊലീസ് പിടികൂടിയിട്ടുണ്ടെങ്കിലും, മയക്കുമരുന്ന് കടത്തി മൊത്തക്കച്ചവടം നടത്തുന്നയാളെ പിടികൂടുന്നത് അപൂർവമാണ്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ലക്ഷങ്ങൾ വിലമതിക്കുന്ന അരക്കിലോഗ്രാം മയക്കുമരുന്നും ഇതിന് മുൻപ് പിടികൂടാനായി. തൃശൂർ മണ്ണുത്തി സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുകളിൽ മൂന്ന് രാജ്യങ്ങളിലെ പൗരന്മാരാണ് പിടിയിലായത്.
പാസ്‌പോർട്ടും വിസയും യാത്രാരേഖകളുമില്ല, അഭയാർത്ഥിയാണെന്ന സർട്ടിഫിക്കറ്റുമാത്രമായിരുന്നു നൈജീരിയക്കാരന്റെ പക്കലുണ്ടായിരുന്നത്. ഐക്യരാഷ്ട്രസഭയുടെ ഇന്ത്യൻ അഭയാർത്ഥി കാര്യാലയത്തിലെ ഹൈക്കമ്മിഷണർ നൽകിയതാണിത്. നൈജീരിയയിൽ നിന്നും എങ്ങനെ ഇന്ത്യയിലെത്തി എന്ന വിവരം എവിടേയും രേഖപ്പെടുത്തിയിട്ടുമില്ല.
കർണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ യുവാക്കൾക്കിടയിലാണ് കെന്നിന്റെ മയക്കുമരുന്ന് ശൃംഖല പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ മേയ് 13ന് മണ്ണുത്തിയിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെ ചാവക്കാട് സ്വദേശി ബുർഹാനുദ്ദീനിൽ നിന്ന് 196 ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്‌തപ്പോൾ, ഇവർക്ക് മയക്കുമരുന്ന് നൽകുന്ന സുഡാൻ സ്വദേശി മുഹമ്മദ് ബാബിക്കർ അലി, പാലസ്തീൻ സ്വദേശി ഹസൻ എന്നിവരെക്കുറിച്ചുള്ള വിവരം ലഭിച്ചു. ഇരുവരെയും ബംഗളൂരുവിൽ നിന്നും 300 ഗ്രാം എം.ഡി.എം.എ സഹിതം പിടികൂടിയിരുന്നു.
ബാബിക്കർ അലിയെ ചോദ്യം ചെയ്തതിൽ നിന്നാണ് മയക്കുമരുന്ന് കടത്തുന്ന നൈജീരിയൻ പൗരനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. കർണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി എം.ഡി.എം.എ കടത്തുന്നതിനുപിന്നിൽ ഇയാളാണെന്നും കണ്ടെത്തി. തുടർന്ന്, നിരന്തര നിരീക്ഷണത്തിലും രഹസ്യാന്വേഷണത്തിലുമായിരുന്നു പൊലീസ്. കെൻ എന്ന വിളിപ്പേര് മാത്രമാണ് ലഭിച്ച ഏക വിവരം. ഡൽഹിയിലെത്തി വേഷം മാറിയും വിവിധ പേരുകൾ സ്വീകരിച്ചും രഹസ്യാന്വേഷണം നടത്തിയാണ് മറ്റുവിവരങ്ങൾ ശേഖരിച്ചത്.
മയക്കുമരുന്ന് സംഘങ്ങളെ പിടികൂടാൻ പ്രത്യേകസംഘം തന്നെ തൃശൂരിലെ പൊലീസിലുണ്ട്. മണ്ണുത്തി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എൻ.പ്രദീപ്, ജില്ലാ പൊലീസ് ലഹരിവിരുദ്ധ വിഭാഗം സബ് ഇൻസ്‌പെക്ടർമാരായ എൻ.ജി സുവ്രതകുമാർ, പി.രാഗേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി.വി ജീവൻ, സിവിൽ പൊലീസ് ഓഫീസർ കെ.വി വിപിൻദാസ് എന്നിവരടങ്ങിയ സംഘത്തിന്, കെന്നിനെ പിടികൂടിയതോടെ സമൂഹമാദ്ധ്യമങ്ങളിൽ നിരവധി പേർ അഭിനന്ദനവുമായെത്തി.