kadal

കൊടുങ്ങല്ലൂർ: റിസോർട്ട് നിർമ്മാണമുൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഗണ്യമായ ശോഷണത്തിന് തീരത്തെ വിധേയമാക്കുന്നതായി ശാസ്ത്ര സാഹിത്യ പരിഷത്ത് പരിസ്ഥിതി പഠന റിപ്പോർട്ട്. എറിയാട് പഞ്ചായത്തിലെ മുനയ്ക്കൽ മുതൽ വടക്കോട്ട് മതിലകം തീരം വരെ 11.69 കിലോമീറ്ററാണ് തീരശോഷണ മേഖലയായി കണ്ടെത്തിയത്.
പെരിഞ്ഞനം പഞ്ചായത്ത് മുതൽ നാട്ടിക വരെ കടൽത്തീരം സുരക്ഷിത മേഖലയാണ്. എന്നാൽ തളിക്കുളം മുതൽ കടപ്പുറം പഞ്ചായത്ത് വരെ രൂക്ഷമായ കടലേറ്റ പ്രദേശമാണ്. ജില്ലയിലെ 63.12 കിലോമീറ്റർ തീരമാണ് പഠനവിധേയമാക്കിയത്. ചാവക്കാട് മുനിസിപ്പാലിറ്റി ഉൾപ്പെടെ 16 തദ്ദേശസ്ഥാപനങ്ങളിലെ പ്രദേശങ്ങളിലെ ജനങ്ങളുമായി ആശയവിനിമയം നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ഇതിൽ മണൽത്തീരമുള്ള 36.95 കിലോമീറ്റർ ഭാഗം സുരക്ഷിത മേഖലയായി കണ്ടെത്തി. മണൽത്തീരമില്ലാത്ത 26.17 കിലോമീറ്ററാണ് തീരശോഷണത്തിന് വിധേയമായിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനം, പുലിമുട്ട് നിർമ്മാണം, മറ്റ് കെട്ടിടനിർമ്മാണ പ്രവർത്തനം എന്നിവ തീരശോഷണത്തിന് ഇടയാക്കുന്നുണ്ടെന്നാണ് പഠനം പറയുന്നത്. മലപ്പുറത്തെ കടൽഭിത്തി നിർമ്മാണത്തെ തുടർന്ന് പുന്നയൂർക്കുളം 3.2 കിലോമീറ്റർ ദൂരം തീരശോഷണ ഭീഷണിയിലാണെന്നും പഠനം പറയുന്നു.

റിപ്പോർട്ട് അവതരിപ്പിക്കുന്നതിന് സംഘടിപ്പിച്ച ജനസദസ് ഇ.ടി ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ:വിദ്യാസാഗർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പരിസര വികസന സമിതി ചെയർമാൻ ഡോ:കെ.വി.തോമസ്, തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് കെ.അനീഷ്, കെ.എസ് ജയ, കെ.പി രാജൻ, ബിന്ദു രാധാകൃഷ്ണൻ, സുഗത ശശിധരൻ, അഡ്വ.മോനിഷ ലിജിൻ, കൈലാസ്, പി.കെ.സന്തോഷ്, ഗോപകുമാർ ചോലയിൽ തുടങ്ങിയവർ സംസാരിച്ചു. പുലിമുട്ട്, കടൽഭിത്തി നിർമ്മാണ സമയത്ത് ശാസ്ത്രീയമായ പഠനം വേണമെന്നും ദൂഷ്യവശങ്ങൾ ഒഴിവാക്കാനുള്ള സത്വരനടപടി സമയത്ത് തന്നെയുണ്ടാകണമെന്നും ജനസദസ് ആവശ്യപ്പെട്ടു.

ഒട്ടും തീരമില്ലാത്തവ

എടവിലങ്ങ്, എസ്.എൻ പുരം, മതിലകം, ഏങ്ങണ്ടിയൂർ പഞ്ചായത്തുകൾ

കണ്ടെത്തലുകൾ ഇവ

കടൽഭിത്തി നിർമ്മിച്ചിട്ടുള്ളത് 32.63 കിലോമീറ്റർ (മൊത്തം തീരത്തിന്റെ 51.6 ശതമാനം)
തീരാക്രമണത്തിൽ തകർന്നത് 41 ശതമാനം
ശേഷിക്കുന്നവ 19.32 കിലോമീറ്റർ

അതിതീവ്ര തീരശോഷണ മേഖലയും കാരണങ്ങളും

എറിയാടിൽ മുനയ്ക്കൽ ബീച്ച് ഒഴികെ മുഴുവൻ, മതിലകം വരെ 11.69 കിലോമീറ്റർ
(എറിയാട് അഴീക്കോട് പുലിമുട്ട് നിർമ്മാണം ദോഷകരമായി ബാധിച്ചു)
തളിക്കുളം മുതൽ കടപ്പുറം വരെ 17.36 കിലോമീറ്റർ
(ഏങ്ങണ്ടിയൂരിലെ രണ്ട് പുലിമുട്ട്, തളിക്കുളം മേഖലയിലെ റിസോർട്ട് ഉൾപ്പെടെയുള്ള കെട്ടിടനിർമ്മാണം)

2018 മുതൽ നടന്നുവരുന്ന പഠനപ്രവർത്തനമാണ്. ഇടയ്ക്ക് കൊവിഡിൽ നിറുത്തിവച്ചു. തീരത്തെ മുഴുവൻ പഞ്ചായത്തുകളിലും അക്കാഡമിക സ്ഥാപനങ്ങളിലും പൊതുജനങ്ങളുമായും റിപ്പോർട്ട് ചർച്ച ചെയ്യും. ശേഷം തുടർനടപടിക്കായി അധികൃതർക്ക് റിപ്പോർട്ട് സമർപ്പിക്കും.

കെ.അനീഷ്

ജില്ലാ വൈസ് പ്രസിഡന്റ്

ശാസ്ത്രസാഹിത്യ പരിഷത്ത്