 
വടക്കാഞ്ചേരി: 21-ാമത് ഭാഗവതതത്ത്വസമീക്ഷ സത്രത്തിന് 23ന് തിരിതെളിയുമെന്ന് ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാൻ അഖിലേന്ത്യ അദ്ധ്യക്ഷൻ സ്വാമി ഭൂമാനന്ദ തീർത്ഥ അറിയിച്ചു. പാർളിക്കാട് തച്ചനാത്തുകാവ് ദേവി സന്നിധിയിലെ പ്രത്യേകം സജ്ജമാക്കിയ സഭാ നികേതനിലാണ് സത്രം നടക്കുക. 23ന് രാവിലെ നാമ സങ്കീർത്തനങ്ങളുടെ അകമ്പടിയോടെയാണ് സത്രത്തിന്റെ സമാരംഭം കുറിക്കുക. അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോവിലുളള വേദാന്ത സൊസൈറ്റി ഒഫ് നോർത്തേൺ കലിഫോർണിയ അദ്ധ്യക്ഷൻ സ്വാമി തത്ത്വമയാനന്ദ സത്രം ഉദ്ഘാടനം ചെയ്യും. സ്വാമി ഭൂമാനന്ദ തീർത്ഥ അദ്ധ്യക്ഷത വഹിക്കും. സത്രാരംഭത്തിന് മുന്നോടിയായി സത്രശാലയ്ക്കു മുന്നിൽ ധ്വജസ്തഭം സ്ഥാപിക്കുന്ന ചടങ്ങ് ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു. 19, 21, 22 തീയതികളിലായി ഗുരുവായൂരിൽ നിന്നും ശ്രീകൃഷ്ണ പ്രതിമയും തിരുവില്വാമലയിൽ നിന്നും ധ്വജവും വെങ്ങിണിശ്ശേരി പാണ്ഡവഗിരി ആശ്രമത്തിൽ നിന്ന് ഭാഗവത ഗ്രന്ഥവും സത്രശാലയിൽ എത്തിക്കും. തത്ത്വ മൂല്യങ്ങൾ ശ്രവിക്കാനെത്തുന്ന ആയിരങ്ങൾക്ക് ഭക്ഷണവും മറ്റ് സൗകര്യവും സൗജന്യമാണ്. കൊവിഡ് മൂലം രണ്ടു വർഷമായി ഓൺലൈൻ വഴിയാണ് സത്രം സംഘടിപ്പിച്ചിരുന്നത്. ഈ വർഷം വിപുലമായ രീതിയിൽ കൂടുതൽ ജനപങ്കാളിത്തത്തോടെയാണ് സത്രം സംഘടിപ്പിച്ചിട്ടുള്ളത്. പുതിയ തലമുയ്ക്ക് ഭാഗവതത്തിന്റെ ഊർജവും ദിശാബോധവും ലഭ്യമാക്കുന്ന രീതിയിൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിഷ്ണു സഹസ്രനാമ സമൂഹാർച്ചനയും സത്രവേദിയിൽ നടക്കും. രാവിലെ സത്രശാലയ്ക്കു മുന്നിൽ പി.വി. കൃഷ്ണൻ എമ്പ്രാന്തിരിയുടെ കാർമ്മികത്വത്തിൽ പൂജ നടത്തി. ബ്രഹ്മർഷി ദേവപാലൻ, സ്വാമി നിമാ ഗുരുപ്രിയ, പ്രൊഫ. സാധു പത്മനാഭൻ, കെ.വി. ജയൻ മേനോൻ, ഐ.വി. ജയകുമാർ, എ.കെ. ഗോവിന്ദൻ, പി.എം. ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു. സ്വാമി ഭൂമാനന്ദ തീർത്ഥ ധർമ്മസേവകർക്ക് സത്ര നിർവഹണത്തെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകി.