ചാലക്കുടി: ലോകകപ്പ് ഫൈനൽ മത്സരത്തിൽ ജനബാഹുല്യത്താൽ ചരിത്രമെഴുതി ചാലക്കുടിയുടെ സ്റ്റേഡിയം. കാൽപ്പന്തുകളിയുടെ ആയിരക്കണക്കിന് ആരാധകരുമായി ചാലക്കുടി ഇൻഡോർ സ്‌റ്റേഡിയം ഇളകിമറഞ്ഞു. അർജന്റീനയുടെ ഓരോ നീക്കത്തിലും ആളുകൾ കരഘോഷം മുഴക്കി. ഫ്രാൻസിന്റെ വല കുലുങ്ങിയ ഗോളുകളിൽ സ്‌റ്റേഡിയം ആർത്തിരമ്പി. നാടൻ കലാരൂപങ്ങളും ഇഷ്ടടീമിന്റെ ജേഴ്‌സിയുമായി നൂറുകണക്കിന് യുവാക്കൾ മണിക്കൂറുകൾക്ക് മുമ്പേ ഇരിപ്പടങ്ങൾ കൈവശപ്പെടുത്തിയിരുന്നു. ഇരുചക്ര വാഹനങ്ങളാൽ സ്റ്റേഡിയവും പരിസരവും തിങ്ങിനിറഞ്ഞു. നൂറുകണക്കിന് മറ്റ് വാഹനങ്ങളുമുണ്ടായി. ബാൽക്കണിയിലും താഴെയുമായി നിരവധി പേർക്ക് നിന്നു കളി കാണേണ്ടി വന്നു. അകത്തുകടക്കാൻ കഴിയാതെ നൂറുകണക്കിനാളുകൾ മടങ്ങി. നിരവധി സ്ത്രീകളും കുട്ടികളും കളി കാണാനെത്തി. സനീഷ്‌കുമാർ എം.എൽ.എ, നഗരസഭാ ചെയർമാൻ എബി ജോർജ് എന്നിവരടങ്ങിയ പ്രമുഖ നിരയുമുണ്ടായി.