indoor

തൃശൂർ: അടി , തിരിച്ചടി, ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലെ അവസാന നിമിഷത്തെ പിരിമുറക്കത്തിനൊടുവിൽ ഫ്രാൻസിനെ തച്ച് തകർത്ത് അർജന്റീന കീരീടത്തിൽ മുത്തമിട്ടപ്പോൾ ആനന്ദ നൃത്തം ചവിട്ടി അർജന്റീനിയൻ ആരാധകർ. അർജന്റീനയുടെ വിജയത്തിൽ മതി മറന്ന് ആരാധകർ തെരുവിൽ നൃത്തം ചവിട്ടി. മിശിഹയുടെ തോളിലേറി അർജന്റീന ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടപ്പോൾ പടക്കം പൊട്ടിച്ചു, മധുരം വിതരണം ചെയ്തും ആർപ്പുവിളിച്ചും ആഹ്‌ളാദം പങ്കിട്ടു. അർജന്റീനിയൻ ആരാധകർക്ക് ഉറക്കമില്ലാത്ത രാത്രിയായിരുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി തുടക്കം മുതൽ തന്നെ ഫ്രാൻസിന്റെ ഗോൾമുഖത്തേക്ക് മെസിയും കൂട്ടരും ഇരച്ച് കയറിയതോടെ ആരാധകർ ആവേശം കൊണ്ട് മതിമറന്നു. അർജന്റീനയുടെ പ്രതീക്ഷകൾക്ക് നിറം പകർന്ന് മിശിഹ പെനാൽറ്റിയിലൂടെ ആദ്യ ഗോൾ നേടിയപ്പോൾ ആഹ്‌ളാദം അണപൊട്ടി. ടൂർണമെന്റിന്റെ ഗോൾവേട്ടയിൽ മെസി മുന്നിലെത്തിയതോടെ ആരാധകർ ആർപ്പുവിളികളുമായി ആഘോഷം ആരംഭിച്ചു. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലടക്കം ബിഗ് സ്‌ക്രീനുകൾക്ക് മുന്നിൽ കളികാണാനെത്തിയ നൂറുക്കണക്കിന് അർജന്റീനിയൻ ആരാധകർ ഗോൾ ആവേശത്തിൽ ആടിത്തിമിർത്തു. ഇതിന്റെ ആരവം തീരും മുമ്പ് ഡി മരിയ ഒരിക്കൽ കൂടി ഫ്രാൻസിന്റെ വലയിലേക്ക് നിറയൊഴിച്ചതോടെ ആവേശം പാരമ്യത്തിലെത്തി. എന്നാൽ രണ്ടാം പകുതിയിൽ എംബാപെ മിന്നൽ പിണരായപ്പോൾ കണ്ണീരീലായി അർജന്റീനയുടെ ആരാധകർ. അധിക സമയത്തിന്റെ രണ്ടാം പകുതിയിൽ ആദ്യം അർജന്റീന ഗോൾ നേടിയപ്പോൾ വീണ്ടും ഉണർന്ന മെസി ആരാധകരുടെ നെഞ്ചിലേക്ക് വീണ്ടും എംബാപെ നിറയൊഴിച്ചപ്പോൾ പൊട്ടിക്കരഞ്ഞു. പക്ഷെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഗോളി എമി മാർട്ടിനെസ് രക്ഷകനായതോടെ അതുവരെയും നെഞ്ചിടിപ്പോടെ ഇരുന്ന ആരാധകർ പുറത്തേക്ക് തെരുവിലേക്ക് ഇറങ്ങി. പിന്നെ നിലയ്ക്കാത്ത ആഘോഷമായിരുന്നു.

അർജന്റീന ജയിച്ചു: ഇന്ന് പള്ളിമൂലയിൽ ആയിരം പേർക്ക് ബിരിയാണി
തൃശൂർ: ഫിഫ വേൾഡ് കപ്പിൽ അർജന്റീനയുടെ മെസിപ്പട ഖത്തറിൽ കപ്പുയർത്തിയതോടെ ഇന്ന് സൗജന്യ ബിരിയാണി മേള. അർജന്റീനയുടെ കടുത്ത ആരാധകരായ തൃശൂർ ചേറൂർ പള്ളിമൂലയിലെ റോക്ക് ലാന്റ് ഹോട്ടലാണ് 1000 പേർക്ക് സൗജന്യ ബിരിയാണി നൽകുന്നത്. കേരളത്തിൽ തന്നെ ഇതാദ്യമായാണ് ഇങ്ങനെ ആരാധന മൂത്ത് വേറിട്ട രീതിയിൽ ആഘോഷം നടത്തുന്നത്. തൃശൂർ ചേറൂർ പള്ളിമൂലയിലെ ഷിബു പൊറത്തൂരിന്റെ ഉടമസ്ഥതയിലുള്ള റോക്ക് ലാന്റ് ഹോട്ടൽ, കഴിഞ്ഞ ദിവസം തന്നെ ബിരിയാണി വാഗ്ദാനം നൽകിയിരുന്നു.