p

തൃശൂർ: കാർഷിക സർവകലാശാലയിൽ വി.സിയുടെ താത്കാലിക ചുമതല വെള്ളായണി കാർഷിക കോളേജിലെ പ്‌ളാന്റ് ബ്രീഡിംഗ് ആൻഡ് ജെനറ്റിക്‌സ് വിഭാഗം മേധാവി ഡോ.കെ.ആര്യയ്ക്ക് നൽകിയത് ഏറ്റവും സീനിയറും അഞ്ചരവർഷം ഫാക്കൽറ്റി ഡീനുമായിരുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട പ്രൊഫസറെ തഴഞ്ഞാണെന്ന് ആക്ഷേപം. വെള്ളായണി കാർഷിക കോളേജിലെ അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ മേധാവി ഡോ.എ. അനിൽ കുമാറിനെയാണ് അർഹതയുണ്ടായിട്ടും തഴഞ്ഞത്. ആര്യയെക്കാളും സീനിയറാണ് അനിൽകുമാർ.


വി.സിയുടെ ചുമതല വഹിച്ചിരുന്ന കാർഷികോത്പാദന കമ്മിഷണർ ഇഷിത റോയി അവധിയിലായതിനെ തുടർന്നാണ് പത്തു ദിവസത്തേക്ക് ആര്യയ്ക്ക് ചുമതല നൽകി കൃഷിമന്ത്രിയുടെ ഓഫീസ് ഉത്തരവിറക്കിയത്. വിരമിക്കാൻ ഏഴ് മാസം മാത്രമുള്ള അനിൽകുമാറിന് സർവകലാശാല ജനറൽ കൗൺസിലിലും സബ് കമ്മിറ്റികളിലും ബോർഡ് ഒഫ് സ്റ്റഡീസിലും പ്രവർത്തന പരിചയമുണ്ടെങ്കിലും അതൊന്നും പരിഗണിച്ചില്ല.

താത്കാലിക നിയമനത്തിന് തയ്യാറാക്കിയ പത്ത് പേരുടെ പട്ടികയിൽ അനിൽകുമാർ ഉൾപ്പെടെ ആറ് പിന്നാക്കക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം. അതേസമയം, താത്കാലിക ചുമതല ഒരു സീനിയർ പ്രൊഫസർക്ക് നൽകണമെന്നേ വ്യവസ്ഥയുള്ളൂ എന്നാണ് ആര്യയുടെ നിയമനത്തെ അനുകൂലിക്കുന്നവർ പറയുന്നത്.


ചട്ടം ലംഘിച്ച് ഇഷിത റോയിക്ക് താത്കാലിക ചുമതല നൽകിയതിനെ ചോദ്യം ചെയ്ത് നേരത്തെ സർവകലാശാല ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഇത് കോടതി പരിഗണിക്കുമ്പോൾ പുതിയ താത്കാലിക നിയമനത്തിലെ ചട്ട ലംഘനവും ഓർഗനൈസേഷൻ ചൂണ്ടിക്കാട്ടും. സർവകലാശാല ചട്ടമനുസരിച്ച് താത്കാലിക ചുമതല സംബന്ധിച്ച ഉത്തരവിറക്കേണ്ടത് ചാൻസലറായ ഗവർണറാണ്. കൃഷിമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഉത്തരവും കേസുള്ള സാഹചര്യത്തിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടാം.

യോഗ്യനും പട്ടികജാതിക്കാരനുമായ പ്രൊഫസറെ തഴഞ്ഞത് പ്രതിഷേധാർഹമാണ്. ചട്ടങ്ങളുടേയും കോടതി നിരീക്ഷണങ്ങളുടെയും ലംഘനമാണിത്.

ഡോ.പി.കെ.സുരേഷ്‌കുമാർ
ജനറൽ സെക്രട്ടറി,
ടീച്ചേഴ്‌സ് ഓർഗനൈസേഷൻ