gg

തൃശൂർ: അർജന്റീനക്കാർ ജാതകവും ജന്മനക്ഷത്രവും കേട്ടിട്ടുപോലും ഇല്ലെങ്കിലും തൃശൂർ ശങ്കരംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഇന്നലെ നടത്തിയ ചുറ്റുവിളക്ക് രോഹിണി നക്ഷത്രത്തിൽ പിറന്ന ലയണൽ മെസിക്കുവേണ്ടിയായിരുന്നു. ജനനത്തീയതി പ്രകാരം മെസി പിറന്ന നാൾ രോഹിണിയാണെന്ന് കണക്കുകൂട്ടിയാണ് ക്ഷേത്ര ദേവസ്വം പ്രസിഡന്റ് പ്രശാന്ത് 1,750 രൂപ അടച്ച് വഴിപാട് നടത്തിയത്. ചുറ്റുവിളക്ക് ദർശിക്കാൻ മെസി ആരാധകർ എത്തുകയും ചെയ്തു.

സ്വന്തം കുടുംബാംഗങ്ങൾക്കെന്ന പോലെ പലരും മെസിക്കായി മനമുരുകി പ്രാർത്ഥിക്കുന്നത് കണ്ടപ്പോഴാണ് അർജന്റീനയുടെയും മെസിയുടെയും കടുത്ത ആരാധകനായ പ്രശാന്തും വഴിപാട് നേർന്നത്. ചുറ്റുവിളക്കിനാണ് ഇവിടെ പ്രധാനം. പ്രത്യേകിച്ചും മണ്ഡലകാലത്ത്.

പ്രാർത്ഥന ഫലിച്ച വിശ്വാസത്തിൽ നിരവധി ഭക്തരാണ് ഇന്നലെ ഭണ്ഡാരത്തിൽ കാണിക്ക അർപ്പിക്കാൻ എത്തിയത്.

ശങ്കരംകുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പ്രശാന്തിന്റെ മകൾ നാലു വയസുകാരി വേദലക്ഷ്മിയും അർജന്റീനയുടെ ആരാധികയാണ്. ശങ്കരംകുളങ്ങരയിൽ കുട്ടികളുടെ അർജന്റീന ഫാൻസുമുണ്ട്.