
തൃപ്രയാർ: വീട്ടുപറമ്പിൽ നിറുത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ നിന്ന് വ്യാജമദ്യം, സ്പിരിറ്റ് ചേർത്ത മദ്യം, വാറ്റുചാരായം എന്നിവ പിടികൂടി. സംഭവത്തിൽ തളിക്കുളം കൊപ്രക്കളം സെൻട്രൽ റസിഡൻസി ബാർ മാനേജർ നാട്ടിക അക്കരക്കാരൻ വീട്ടിൽ ഹാരി സാബുവിനെ (53) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. 7,300 ലിറ്റർ അനധികൃത വ്യാജമദ്യമാണ് എക്‌സൈസ് പിടിച്ചെടുത്തത്.
എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഞായറാഴ്ച വൈകീട്ട് സെൻട്രൽ റസിഡൻസി ബാറിൽ നടത്തിയ പരിശോധനയിൽ സോഡാ റൂമിൽ നിന്നും എട്ട് കുപ്പി വ്യാജമദ്യവും കണ്ടെത്തി. തുടർന്ന് ബാർ എക്‌സൈസ് അടച്ചുപൂട്ടി. മാനേജർ സാബുവിനെ ചോദ്യം ചെയ്തു. ഇതോടെയാണ് വലപ്പാട് കുഴിക്കൽ കടവിൽ ബാർ ഉടമയുടെ വീടിനടുത്ത് മറ്റൊരു വീട്ടുപറമ്പിൽ നിറുത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ നിന്നും വ്യാജമദ്യം പിടിച്ചെടുത്തത്.
പിക്കപ്പ് വാൻ നീല ടാർപ്പായ കൊണ്ട് മൂടിയ നിലയിലായിരുന്നു. പിക്കപ്പ് വാനിൽ നിന്നും 213 ലിറ്റർ അനധികൃത വ്യാജമദ്യം, 20 ലിറ്റർ സ്പിരിറ്റ്, 15 ലിറ്റർ ചാരായം, അഞ്ച് ലിറ്റർ കരാമൽ എന്നിവ പിടിച്ചെടുത്തു. ബാർ ഉടമ വലപ്പാട് പണിക്കെട്ടി വീട്ടിൽ കൃഷ്ണരാജിനെതിരെ കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
കേസിലുൾപ്പെട്ട വാഹനവും തൊണ്ടി മുതലും ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണർ മുമ്പാകെ ഹാജരാക്കും. രണ്ടാഴ്ചയായി ബാറിൽ വ്യാജമദ്യം വിറ്റിരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.