ch

ഒല്ലൂർ/ചേർപ്പ്: ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകവേ ആറാട്ടുപുഴ മന്ദാരംകടവിൽ കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം. ഒല്ലൂർ ചീരാച്ചി യശോറാം ഗാർഡനിൽ ശ്രീവിഹാർ മുത്രത്തിൽ വീട്ടിൽ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ (62), ഇവരുടെ മകളുടെ മകൻ സമർത്ഥ് (6) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ദമ്പതികളുടെ മകൻ ശരത് ബാബു (32) അത്ഭുതകരമായി രക്ഷപ്പെട്ടു. രാജേന്ദ്ര ബാബുവാണ് കാറോടിച്ചിരുന്നത്.

ഇന്നലെ ഉച്ചയ്ക്ക് 12ഓടെ ആറാട്ടുപുഴ പാലത്തിന് അടിയിലെ കൊക്കരിപ്പള്ളം ബണ്ട് റോഡിലായിരുന്നു അപകടം. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാർ 24 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബണ്ട് റോഡിന് സംരക്ഷണ ഭിത്തി ഇല്ലാത്തത് അപകടത്തിന്റെ ആക്കം കൂട്ടി.

എല്ലാവരും സീറ്ര് ബെൽറ്റ് ധരിച്ചിരുന്നു. ഡോറിന്റെ പഴുതിലൂടെ പുറത്തേക്ക് ചാടി നീന്തിയാണ് ശരത് ബാബു രക്ഷപ്പെട്ടത്. നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അടിയൊഴുക്ക് തടസമായി. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് കാർ ഉയർത്താനായത്.

മൂവരേയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രാജേന്ദ്ര ബാബുവിന്റെ മകൾ സ്‌നേഹയുടെ മകനാണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ സമർത്ഥ്. അമ്മയോടൊപ്പം ബംഗളൂരുവിൽ താമസിക്കുന്ന സമർത്ഥ് വിവാഹത്തിൽ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. സമർത്ഥിന്റെ പിതാവ് ശ്യാം വിദേശത്താണ്. ആറാട്ടുപുഴയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹച്ചടങ്ങ്. വർഷങ്ങളായി ആൻഡമാനിലായിരുന്ന രാജേന്ദ്ര ബാബുവും ഭാര്യയും ഒന്നരവർഷം മുമ്പാണ് ചീരാച്ചിയിൽ താമസമാക്കിയത്.